തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള അവസരമൊരുങ്ങുന്നത്. ഓര്‍ഡിനറി സര്‍വീസ് മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ ഈ സൗജന്യ യാത്ര ഉറപ്പാക്കുമെന്നാണ് മന്ത്രി നിയമസഭയില്‍ അറിയിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ അനുദിനം വര്‍ധനവുണ്ടാകുന്നതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 22 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇതുവഴി 26 കോടി രൂപയുടെ അധിക വരുമാനം വകുപ്പിന് നേടാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും കെഎസ്ആര്‍ടിസിയുടെ വരുമാനം ഉയര്‍ത്തികൊണ്ട് വരാന്‍ സാധിക്കുന്നുണ്ടെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമായ 10.19 കോടി രൂപ നേടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 9.41 കോടി രൂപയെന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വരുമാനവും നേടാനായെന്ന് മന്ത്രി പറഞ്ഞു. പുതിയ ബസുകള്‍ വാങ്ങിച്ചും യാത്രക്കാരില്ലാതെ ഓടിയിരുന്ന ബസുകളെ നിയന്ത്രിച്ചുമാണ് കെഎസ്ആര്‍ടിസി നഷ്ടം കുറയ്ക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ 15 കോടി രൂപയിലധികം അധിക വരുമാനം നേടാന്‍ കെഎസ്ആര്‍ടിസിക്ക് സാധിച്ചും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസി ബസുകളില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം ഒരുക്കിയത് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിലൂടെയും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. കെഎസ്ആര്‍ടിസി ബസുകളുടെ കിലോമീറ്റര്‍ വരുമാനം 45.79 രൂപയില്‍ നിന്നും 49.81 രൂപയായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഓരോ ബസിന്റെയും ശരാശരി വരുമാനം 15600 രൂപയില്‍ നിന്നും 16768 രൂപയായി ഉയര്‍ത്താനും സാധിച്ചെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.