മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, അവരുടെ പ്രീമിയം മോഡലായ ഫോര്‍ച്യൂണറിന്റെ പുതിയ 2025 ലീഡര്‍ എഡിഷന്‍ പ്രദര്‍ശിപ്പിച്ചു. ഈ പ്രത്യേക പതിപ്പിന്റെ ബുക്കിങ് ഈ ആഴ്ച അവസാനം ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റ്, ടൊയോട്ട ഡീലര്‍ഷിപ്പ് എന്നിവ വഴി ബുക്കിങ് നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുന്നത്. നിരവധി മാറ്റങ്ങളുമായാണ് 2025 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പുതിയ ഗ്രില്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ക്കുള്ള ലിപ് സ്പോയിലറുകള്‍, ക്രോം ഇന്‍സേര്‍ട്ടുകള്‍ എന്നിവ ഇതില്‍ ചിലത് മാത്രമാണ്. തിളക്കമുള്ള ഗ്ലോസ് ബ്ലാക്ക് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ആറ്റിറ്റിയൂഡ് ബ്ലാക്ക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ഇവ വിപണിയില്‍ എത്തും. പുതിയ ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് കരുത്ത് പകരുന്നത് 201ബിഎച്ച്പി പവറും 500എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായി എന്‍ജിനെ ഇണക്കിചേര്‍ത്തിട്ടുണ്ട്.