കല്‍പ്പറ്റ: വയനാട്ടിലെ ആദ്യ ഒപി ലെവല്‍ പഞ്ചകര്‍മ ചികിത്സാകേന്ദ്രം മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയലില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്റെ ആസ്തി വികസന നിധി ഉപയോഗപ്പെടുത്തി പാടിവയലില്‍ ഡയാലിസിസ് സെന്ററിന് നിര്‍മിച്ച കെട്ടിടത്തിലാണ് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു കീഴില്‍ പഞ്ചകര്‍മ ചികിത്സ ആരംഭിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം 11ന് രാവിലെ 11ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കുമെന്ന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷൈബാന്‍ സലാം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡയാന മച്ചോഡോ, ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എന്‍. രേഖ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചകര്‍മ ചികിത്സാകേന്ദ്രത്തോടനുബന്ധിച്ച് ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവര്‍ത്തിക്കും.ഡിസ്‌പെന്‍സറിയില്‍ എത്തുന്ന രോഗികളില്‍ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്നവര്‍ക്കാണ് ഒപി ലെവല്‍ പഞ്ചകര്‍മ ചികിത്സയും ഫിസിയോ തെറാപ്പിയും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ലഭ്യമാകുക. ചികിത്സ ഉപകരണങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മുറികള്‍, വിശ്രമമുറി എന്നിവ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മെച്ചപ്പെട്ട ആയുര്‍വേദ ചികിത്സ ലഭ്യമാക്കുകയാണ് ഒപി ലെവല്‍ കേന്ദ്രങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്ത് 25 ഒപി ലെവല്‍ പഞ്ചകര്‍മ ചികിത്സാ കേന്ദ്രങ്ങളാണ് നാഷണല്‍ ആയുഷ് മിഷന്‍ ആരംഭിക്കുന്നത്. ഓരോ കേന്ദ്രത്തിലും പ്രത്യേകം മെഡിക്കല്‍ ഓഫീസറും തെറാപ്പിസ്റ്റുകളും മറ്റു ജീവനക്കാരും ഉണ്ടാകും. ശുചിത്വം, അണുനശീകരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി ആയുഷ് വകുപ്പ് ഈ വര്‍ഷം ആരംഭിച്ച കായകല്‍പ പുരസ്‌കാര നിര്‍ണയത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് മൂപ്പൈനാട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിക്കാണ്.