കുട്ടികളിലെ ചുമ ചികിത്സയ്ക്ക് സാങ്കേതിക മാർഗനിർദേശം പുറത്തിറക്കി;മന്ത്രി വീണാ ജോര്‍ജ് 

തിരുവനന്തപുരം: കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് സാങ്കേതിക മാർഗനിർദേശം പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിന് പുറത്ത് ചുമ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇത് സംബന്ധിച്ച് പഠിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചാണ് സംസ്ഥാനത്തിന് പ്രത്യേകം ഗൈഡ് ലൈന്‍ പുറത്തിറക്കിയത്.

 

ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മസിസ്റ്റുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായുള്ള സമഗ്ര മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. എല്ലാവരും ഈ മാര്‍നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ചുമയുടെ ക്ലിനിക്കല്‍ സമീപനവും മാനേജ്‌മെന്റും, പലതരം ചുമകളും രോഗ ലക്ഷണങ്ങളും, വിട്ടുമാറാത്ത, തുടര്‍ച്ചയായുള്ള ചുമയ്ക്കുള്ള സമീപനം, ചുമയുള്ള കുട്ടിയുടെ ക്ലിനിക്കല്‍ പരിശോധന, ചുമയുമായി എത്തുന്ന കുട്ടികള്‍ക്കുള്ള പരിശോധന, കുട്ടികളിലെ ചുമയുടെ നിയന്ത്രണം, കുട്ടികളിലെ ചുമ ചികിത്സിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍, ഔഷധേതര പ്രാഥമിക നടപടികള്‍, ഡോസേജും സുരക്ഷാ പരിഗണനകളും, കേരള ഡ്രഗ്‌സ് കണ്‍ട്രോളര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ വഴിയുള്ള പ്രധാന നിര്‍ദേശങ്ങള്‍, ഫാര്‍മസിസ്റ്റുകള്‍ക്കുള്ള നിര്‍ദേശങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവയാണ് ടെക്‌നിക്കല്‍ ഗൈഡ് ലൈനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

മാതാപിതാക്കളും പരിചരിക്കുന്നവരും കുട്ടികള്‍ക്ക് സ്വയം ചികിത്സ നിശ്ചയിക്കരുത്. ഓരോ കുഞ്ഞിന്റേയും പ്രായവും തൂക്കവും നോക്കിയാണ് ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കുന്നത്. അംഗീകൃത ഡോക്ടറുടെ കുറിപ്പടികള്‍ പ്രകാരമുള്ള മരുന്നുകള്‍ യോഗ്യതയുള്ള ഒരു ആരോഗ്യ സംരക്ഷണ ദാതാവിന്റെ മേല്‍നോട്ടത്തിലായിരിക്കണം നല്‍കേണ്ടത്. ഡോസേജ് കൂടാന്‍ പാടില്ല. ചില മരുന്നുകളുടെ അനുചിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ശ്രദ്ധിക്കണം. ആരോഗ്യ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന എല്ലാ കഫ് സിറപ്പ് ഉത്പന്നങ്ങളും ശരിയായ നിര്‍മാണ മാനദണ്ഡങ്ങള്‍ പാലിക്കുകയും ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ (DEG), എഥിലീന്‍ ഗ്ലൈക്കോള്‍ (EG) പോലുള്ള ദോഷകരമായ മാലിന്യങ്ങള്‍ ഇല്ലാത്തതുമായിരിക്കണം.

 

രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുത്. കഫ് സിറപ്പ് അത്യാവശ്യമാണെങ്കില്‍ പ്രത്യേകം വിലയിരുത്തിയതിന് ശേഷം നല്‍കുക. രണ്ട് വയസ് മുതല്‍ അഞ്ച് വയസുവരെ പൊതുവില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം പ്രത്യേക നിരീക്ഷണത്തോടെ നല്‍കുക. അഞ്ച് വയസിന് ശേഷമുള്ള കുട്ടികള്‍ക്ക് പ്രത്യേകം വിലയിരുത്തലിന് ശേഷം നല്‍കുക. ചെറിയ കാലയളവില്‍ ചെറിയ ഡോസില്‍ മാത്രം നല്‍കുക.

 

ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദേശങ്ങള്‍ ഫാര്‍മസിസ്റ്റുകള്‍ കൃത്യമായി പാലിക്കണം. കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. കാലാവധി തീര്‍ന്ന മരുന്നല്ലെന്ന് ഉറപ്പാക്കണം. ഗുണനിലവാരമുള്ള മരുന്നുകളുടെ സര്‍ട്ടിഫിക്കറ്റുള്ള നിര്‍മാതാക്കളില്‍ നിന്ന് മാത്രമേ മരുന്നുകള്‍ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണം

 

*പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍*

 

ചുമ ഒരു രോഗമല്ല, ഒരു ലക്ഷണമാണ്, അതിനാല്‍ സ്വയം മരുന്ന് കഴിക്കരുത്.

 

ചുമ സിറപ്പുകളോ ഫോര്‍മുലേഷനുകളോ ആവശ്യപ്പെടരുത്.

 

ശിശുരോഗവിദഗ്ധന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം ഉപയോഗിക്കുക.

 

ബാക്കിവരുന്ന മരുന്നുകളും കാലഹരണപ്പെട്ട കുറിപ്പടികളും ഉപയോഗിക്കരുത്.

 

ഒരു കുട്ടിക്ക് നിര്‍ദേശിക്കുന്ന മരുന്ന് ശിശുരോഗ വിദഗ്ധനെ സമീപിക്കാതെ മറ്റൊരു കുട്ടിക്ക് കൊടുക്കരുത്.

 

ചുമയുള്ള കുട്ടികളില്‍, നെഞ്ചുവേദന, ശ്വാസതടസ്സം, ചുമയ്ക്കുമ്പോള്‍ രക്തം വരിക, അമിതമായ ക്ഷീണം, അപസ്മാരം, സയനോസിസ് അല്ലെങ്കില്‍ സെന്‍സോറിയത്തില്‍ മാറ്റം വന്നാല്‍ ഉടന്‍ തന്നെ ശിശുരോഗവിദഗ്ധനെ ബന്ധപ്പെടുക.

 

ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദിഷ്ട കാലയളവില്‍ നിര്‍ദിഷ്ട അളവില്‍ മാത്രം ഉപയോഗിക്കണം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *