കൽപ്പറ്റ:പോളിയോ വൈറസ് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 12) രാവിലെ ഒൻപതിന് കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ ടി. ജെ. ഐസക് നിര്‍വഹിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോളിയോ രോഗപ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
ജില്ലയിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 58,054 കുട്ടികള്‍ക്ക് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വാക്‌സിന്‍ നല്‍കും. തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 956 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാള്‍, ബസാര്‍ തുടങ്ങി ആളുകള്‍ കൂടുതലായി എത്തുന്ന 22 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലുമുള്ള കുട്ടികള്‍ക്കായി 16 മൊബൈല്‍ ടീമുകള്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ ബൂത്തുകളിലൂടെ വാക്‌സിന്‍ വിതരണം നടത്തും