തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 15 മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ 48 കാരിയും മരിച്ചിരുന്നു. 12 ദിവസത്തിനിടെ 4 പേരാണ് മരിച്ചത്. 12 പേർ ചികിൽസയിലുണ്ട്. ഭൂരിപക്ഷം കേസുകളിലും അമീബിക് മസ്തിഷക ജ്വരം എങ്ങനെ പകർന്നെന്ന് കണ്ടെത്താനായിട്ടില്ല. 9 ആം തിയതിക്ക് ശേഷമുള്ള അമീബിക്ക് കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
ഇന്ന് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാലക്കാട് കൊടുമ്പ് പഞ്ചായത്തില്‍ 62 കാരനായ ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് ചികിത്സ തേടി ഇദ്ദേഹം കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊടുവായൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്കും എത്തി. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറാം തീയതി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗ സൂചന ലഭിച്ചത്. എട്ടാം തീയതി രോഗ സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനായി പ്രദേശത്തെ അഞ്ച് ജലസ്രോതസുകളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പ്രദേശത്ത് ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും തുടരുന്നു.