കെയ്റോ: ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്‌തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിന് ധാരണയായത്. ഈജിപ്‌ത്, ഖത്തർ, തുർക്കിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഗാസയിൽ സമാധാനം നിലനിർത്താനുള്ള നിർദേശങ്ങൾ അടങ്ങുന്ന കരാറിൽ ഒപ്പിട്ടത്. സമാധാനം നിലനിർത്താനുള്ള നിയമങ്ങളും നിർദേശങ്ങളും കരാർ മുന്നോട്ടുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു
ഈജിപ്‌തിലെ ഷാം അൽ ഷെയ്ഖിലാണ് തിങ്കളാഴ്‌ച ഉച്ചകോടി ചേർന്നത്. അതേ സമയം ജൂതഅവധി ദിനാഘോഷങ്ങളിൽ പങ്കെടുക്കണമെന്ന വാദമുയർത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഉച്ചകോടിയിൽനിന്ന് പിന്മാറി.ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ജോർദാൻ രാജാവ് അബ്ദുള്ള, പലസ്‌തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്, ഐക്യരാഷ്ട്ര സഭസെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉൾപ്പെടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്‌തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്