തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമര്‍പ്പിച്ച പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമര്‍പ്പിച്ച പദ്ധതികളിലെ ഒഴിവാക്കലുകളും ഭേദഗതികളും പുതിയ പദ്ധതികളുമാണ് പരിഗണനയ്ക്ക് വന്നത്. ഇവയ്ക്ക് യോഗം അംഗീകാരം നൽകി.
16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 21 ഹെൽത്ത് പാക്കേജുകൾക്കും ആസുത്രണ സമിതി അംഗീകാരം നൽകി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇൻചാര്‍ജ് കെ.എസ്. ശ്രീജിത്ത്, ഫിനാൻസ് ഓഫീസര്‍ ആര്‍ സാബു, ആസൂത്രണ സമിതി അംഗം എ.എൻ പ്രഭാകരൻ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.