മുഖത്തേക്ക് മുളകുപൊടി എറിഞ്ഞു; സ്വർണമെന്ന് കരുതി പിടിച്ചുപറിച്ചത് മുക്കുപണ്ടം; കമിതാക്കൾ അറസ്‌റ്റിൽ .പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി നിഷാദ്, ഇയാളുടെ പെൺസുഹൃത്ത് പള്ളുരുത്തി സ്വദേശിനി നിതു എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് അരൂർ കോട്ടപ്പുറം റോഡിനു സമീപമുള്ള ഇടവഴിയിൽ സ്ക്കൂട്ടറിലെത്തി മാല പൊട്ടിച്ചു കടക്കുകയായിരുന്നു. അരൂർ സർക്കാർ ആശുപത്രിയിൽ കാലു വേദനയ്ക്ക് മരുന്നു വാങ്ങി ഓട്ടോയിൽ വന്നിറങ്ങിയ സരസ്വതിയമ്മ ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് പിന്നാലെയെത്തി മുഖത്തും തലയിലുമെല്ലാം മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചത്.
സരസ്വതിയമ്മയുടെ നിലവിളി കേട്ടെത്തിയവർ അരൂർ പോലീസിൽ വിവരം അറിയിച്ചു. അരൂർ സർക്കിൾ ഇൻസ്പെക്‌ടർ കെ.ജി. പ്രതാപചന്ദ്രൻ്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാടകയ്ക്കെടുത്ത സ്‌കൂട്ടറിലാണ് പ്രതികളെത്തിയതെന്ന് മനസിലാക്കി. തുടർന്ന് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ‌് ചെയ്തു. ഇലക്ട്രിക് സ്ക്കൂട്ടർ ഓടിച്ചിരുന്നത് നീതുവായിരുന്നു. ഇവർ ആളൊഴിഞ്ഞ വഴികളിൽ ഇരകളെത്തേടി നടക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.