തരിയോട് : 75 കുടുംബങ്ങൾക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ് ടി വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങൾക്കുമാണ് തരിയോട് ഗ്രാമപഞ്ചായത്ത് പുതിയതായി വീട് അനുവദിച്ചത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന 75 വീടുകളുടെ പ്രഖ്യാപനവും ഗുണഭോക്താക്കളിൽ നിന്നും കരാർ രേഖകൾ ഏറ്റുവാങ്ങലും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു.
ലൈഫ്, പിഎംഎവൈ, പിഎം ജൻമൻ തുടങ്ങിയ പദ്ധതികളിൽ കഴിഞ്ഞ അഞ്ച് വര്ഷം കൊണ്ട് 252 കുടുംബങ്ങൾക്കാണ് വീട് അനുവദിച്ചത്. പദ്ധതി വിഹിതം താരതമ്യേന കുറഞ്ഞ തരിയോട് ഗ്രാമപഞ്ചായത്ത് വലിയ പരിശ്രമത്തിലൂടെ വിവിധ ഉറവിടങ്ങളിൽ നിന്നും തുക കണ്ടെത്തി പട്ടിക വിഭാഗങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചതിനുശേഷമാണ് ജനറൽ വിഭാഗത്തിൽപ്പെട്ട അറുപലധികം കുടുംബങ്ങൾക്കുകൂടി വീടുകൾ അനുവദിച്ചത്.
വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായ പരിപാടിയിൽ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഒ വി മാലതി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധ പുലിക്കോട്, വി ജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വെർഡ്, കെ എൻ ഗോപിനാഥൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ, അസി. സെക്രട്ടറി റസാക്ക് സി കെ തുടങ്ങിയവർ സംസാരിച്ചു. വിഇഒമാരായ വി എം ശ്രീജിത്ത്, ഫ്രാൻസിസ് ലോറൻസ് എന്നിവർ പങ്കെടുത്തു.