കുട്ടികളില്ലാത്ത മുസ്‌ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലിലൊന്നിന് അവകാശമുണ്ട്: സുപ്രിംകോടതി

ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്‌ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ ഒന്നിന് അവകാശമുണ്ടെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ചു. മരിച്ച ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ മൂന്നിന് അവകാശമുന്നയിച്ച ഹരജി ബോംബൈ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ അപ്പീല്‍ പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. മരിച്ചയാളുടെ സഹോദരന്‍ നടപ്പാക്കിയ വില്‍പ്പന കരാര്‍ വിധവയുടെ അനന്തരാവകാശത്തെ ഇല്ലാതാക്കില്ലെന്നും കോടതി വ്യക്തമാക്കി.

 

ചാന്ദ് ഖാന്‍ എന്ന മരിച്ചയാളുടെ സ്വത്തുമായി ബന്ധപ്പെട്ടതാണ് കേസ്. ചാന്ദ് ഖാന്റെ നേര്‍ അനന്തരാവകാശി താനാണെന്നും സ്വത്തില്‍ നാലില്‍ മൂന്നും വേണമെന്നുമാണ് ഭാര്യ സുഹ്‌റാബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത് കീഴ്‌ക്കോടതികള്‍ തള്ളി. തുടര്‍ന്നാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഒരു മുസ്‌ലിം മരണസമയത്ത് അവശേഷിപ്പിക്കുന്ന എല്ലാ സ്ഥാവര, ജംഗമ സ്വത്തുക്കളും സ്വത്തില്‍ ഉള്‍പ്പെടുന്നുവെന്ന് സുപ്രിംകോടതി വിശദീകരിച്ചു. വിതരണത്തിന് മുമ്പ്, സ്വത്തിന്റെ മൂന്നിലൊന്ന് വരെയുള്ള സാധുവായ ഏതെങ്കിലും വസ്വിയ്യത്തും മരിച്ചയാളുടെ കടങ്ങളും നിറവേറ്റണം. ബാക്കിയുള്ള സ്വത്ത് ഖുര്‍ആനില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിശ്ചിത ഓഹരികള്‍ക്കനുസരിച്ച് അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യണം.

 

ഖുര്‍ആനിലെ നാലാം അധ്യായം, വാക്യം 12 പ്രകാരം, കുട്ടികളോ പിന്‍ഗാമികളോ ഇല്ലെങ്കില്‍ വിധവയുടെ വിഹിതം ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്നാണെന്നും കുട്ടികള്‍ ഉണ്ടെങ്കില്‍ എട്ടിലൊന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ കേസില്‍, ചാന്ദ് ഖാന്‍ കുട്ടികളില്ലാതെ മരിച്ചതിനാല്‍, അദ്ദേഹത്തിന്റെ വിധവയ്ക്ക് സ്വത്തിന്റെ നാലിലൊന്ന് അവകാശമുണ്ട്. ബാക്കിയുള്ള വിഹിതം ചാന്ദ് ഖാന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള മറ്റ് അവകാശികള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. മുസ്‌ലിം അനന്തരാവകാശം മുന്‍കൂട്ടി നിശ്ചയിച്ച ഖുര്‍ആനിക ഓഹരികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോടതി അടിവരയിട്ടു. അത് വിവേചനാധികാരത്തിന് ഇടം നല്‍കുന്നില്ല. എന്നാല്‍, അവകാശികള്‍ക്കിടയില്‍ തുല്യത ഉറപ്പാക്കുന്നു. ” മുസ്‌ലിം അനന്തരാവകാശ നിയമപ്രകാരമുള്ള അനന്തരാവകാശികള്‍ക്ക് നിശ്ചിത വിഹിതത്തിന് അര്‍ഹതയുണ്ട്. ഭാര്യക്ക് എട്ടിലൊന്ന് വിഹിതത്തിനും അര്‍ഹതയുണ്ട്. എന്നാല്‍, ഒരു കുട്ടിയോ മകന്റെ കുട്ടിയോ ഇല്ലെങ്കില്‍ വിഹിതം നാലിലൊന്നായിരിക്കും.”-സുപ്രിംകോടതി വ്യക്തമാക്കി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *