നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കൊടുവള്ളി:നരിക്കുനി, പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറ (40) ഇടിമിന്നലേറ്റ് മരിച്ചു.വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ആണ് സുനീറയ്ക്ക് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത് മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും വൈകിട്ട് കനത്ത മഴ പെയ്തു. പലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടിമിന്നലിനെ തുടർന്ന് ജില്ലയില്‍ രണ്ടിലേറെ വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, കേരളത്തില്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

ഇടിമിന്നല്‍ മുൻകരുതലുകള്‍

 

ഇടിമിന്നല്‍ മനുഷ്യർക്കും മൃഗങ്ങള്‍ക്കും ജീവഹാനി വരുത്തുകയും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിനാല്‍, കാർമേഘം കണ്ടു തുടങ്ങുമ്പോള്‍ മുതല്‍ താഴെ പറയുന്ന മുൻകരുതലുകള്‍ സ്വീകരിക്കണം.

 

സുരക്ഷിത സ്ഥലം തേടുക

 

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടൻ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് അപകടകരമാണ്.

 

വീടിനുള്ളില്‍ ജാഗ്രത

 

ജനലുകളും വാതിലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക.

 

ഫോണ്‍ ഉപയോഗം

 

ലാൻഡ്ലൈൻ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക._ _മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല.

 

തുറസായ സ്ഥലങ്ങളില്‍

 

കുട്ടികള്‍ ഉള്‍പ്പെടെ, ടെറസിലോ മൈതാനങ്ങളിലോ കളിക്കുന്നത് ഒഴിവാക്കുക. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാർക്ക് ചെയ്യുകയുമരുത്.

 

വാഹന യാത്ര

 

ഇടിമിന്നലുള്ളപ്പോള്‍ വാഹനത്തിനുള്ളില്‍ തുടരുക. സൈക്കിള്‍, ബൈക്ക്, ട്രാക്ടർ എന്നിവയിലെ യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തില്‍ അഭയം തേടുക.

 

ജലാശയങ്ങള്‍

മിന്നലുള്ള സമയത്ത് ജലാശയങ്ങളില്‍ മീൻപിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. മത്സ്യബന്ധനവും ബോട്ടിങും ഉടൻ നിർത്തി കരയിലേക്ക് മാറുക

 

മറ്റ് മുൻകരുതലുകള്‍

 

മഴക്കാറ് കണ്ടാല്‍ തുണി എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കുളിക്കുന്നതും ടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പട്ടം പറത്തുന്നതും നിർത്തിവയ്ക്കുക.

 

അടിയന്തര സാഹചര്യങ്ങള്‍

 

ഇടിമിന്നലേറ്റാല്‍ പൊള്ളല്‍, കാഴ്ചയോ കേള്‍വിയോ നഷ്ടപ്പെടല്‍, ഹൃദയാഘാതം എന്നിവ സംഭവിക്കാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തില്‍ വൈദ്യുതി അവശേഷിക്കില്ല. അതിനാല്‍, ഉടൻ പ്രഥമ ശുശ്രൂഷ നല്‍കി വൈദ്യസഹായം എത്തിക്കണം. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക നിമിഷങ്ങളാണ്.

 

സുരക്ഷാ ഉപകരണങ്ങള്‍

 

കെട്ടിടങ്ങള്‍ക്ക് മിന്നല്‍ രക്ഷാ ചാലകവും വൈദ്യുതോപകരണങ്ങള്‍ക്ക് സർജ് പ്രൊട്ടക്ടറും ഘടിപ്പിക്കുന്നത് സുരക്ഷ വർധിപ്പിക്കും. ഇടിമിന്നലിന്റെ അപകടസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *