തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷാ നമ്പർ പ്ലേറ്റ് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടപ്പിലാക്കും. അതി സുരക്ഷാ നമ്പർ പ്ലേറ്റുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടിയിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് കടക്കുകയാണ്. ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെ തുടർന്ന് കേരളത്തിലെ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് തീരുമാനം.2019 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാക്കണമെന്ന് കേരള ഹൈക്കോടതി 2023 മേയില്‍ ഉത്തരവിട്ടിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ ഘടിപ്പിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളാല്‍ വൈകുകയായിരുന്നു.
ഗതാഗത കമ്മീഷണര്‍ തയ്യാറാക്കിയ ടെന്‍ഡര്‍ ഡോക്യുമെന്‍റിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇരുചക്ര വാഹനത്തിന് നമ്പര്‍ ഘടിപ്പിക്കാന്‍ 500 രൂപയാണ് ഫീസായി ഇതില്‍ നിശ്ചയിച്ചിട്ടുള്ളത്. മുച്ചക്ര വാഹനങ്ങള്‍ക്ക് 600, നാലുചക്ര വാഹനങ്ങള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും 1000 രൂപയുമാണ് ഫീസ്. കേരളത്തില്‍ ഉല്‍പാദനം നടത്തുന്നതും ഓട്ടോമൊബൈല്‍ രംഗത്ത് 25 വര്‍ഷത്തെ പരിചയവും ഓര്‍ഡര്‍ ലഭിച്ച് 24 മണിക്കൂറിനകം നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ പ്രാപ്തരായവര്‍ക്കും മുന്‍ഗണന നല്‍കുന്ന വിധത്തിലാണ് ടെന്‍ഡര്‍ ഡോക്യുമെന്‍റ്. അതിനാല്‍ സമയബന്ധിതമായി അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാനാവുമെന്നാണ് എംവിഡിയുടെ പ്രതീക്ഷ. വാഹനമുപയോഗിച്ചുള്ള കുറ്റകൃത്യം തടയാനും സുരക്ഷക്കുമായിട്ടാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്

