ഗുരുവായൂരില്‍ പ്രതിവര്‍ഷം ലഭിക്കുന്നത് 25 കിലോ സ്വര്‍ണം, ശബരിമലയില്‍ 15 കിലോ; ഇന്ത്യയിലെ ക്ഷേത്രങ്ങളിലുള്ളത് 4000 ടണ്‍ സ്വര്‍ണ ശേഖരം

കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോഴും കേരളത്തിലെ ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ ഭക്തിയാല്‍ തിളങ്ങുന്നു. സ്വര്‍ണ വില റോക്കറ്റ് പോലെ ഉയരുമ്പോഴും ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വഴിപാടുകളില്‍ ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ വിലയേറിയ ലോഹങ്ങള്‍ വഴിപാട് പെട്ടിയില്‍ നിക്ഷേപിക്കുന്നത് തുടരുകയാണ്. എല്ലാ വര്‍ഷവും ഏകദേശം 20 മുതല്‍ 25 കിലോഗ്രാം വരെ സ്വര്‍ണവും 120 മുതല്‍ 150 കിലോഗ്രാം വരെ വെള്ളിയുമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത്. 2025 ഒക്ടോബറില്‍ മാത്രം 2.58 കിലോഗ്രാം സ്വര്‍ണവും 9.31 കിലോഗ്രാം വെള്ളിയുമാണ് ലഭിച്ചത്.

 

തീര്‍ത്ഥാടനകാലത്ത് മൂന്ന് മാസത്തേക്ക് മാത്രം തുറക്കുന്ന ശബരിമല ക്ഷേത്രത്തില്‍ ചെറിയ കാലയളവില്‍ ഏകദേശം 15 കിലോഗ്രാം സ്വര്‍ണ്ണമാണ് ലഭിക്കുന്നത്. സംസ്ഥാനത്തുടനീളം 3,000ലധികം ക്ഷേത്രങ്ങളില്‍ ആഭരണങ്ങളും നാണയങ്ങളും മുതല്‍ വിഗ്രഹങ്ങളും ആചാരപരമായ വസ്തുക്കളും വരെ വിവിധ രൂപങ്ങളിലുള്ള വിലയേറിയ ലോഹങ്ങള്‍ വഴിപാടായി ലഭിക്കുന്നുണ്ട്.

 

ഇന്ത്യയുടെ സ്വര്‍ണ്ണ ആവശ്യകതയില്‍ (600-800 ടണ്‍ വാര്‍ഷിക ഉപഭോഗത്തിന്റെ 25-28%) കേരളം ഗണ്യമായി സംഭാവന ചെയ്യുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ക്ഷേത്രങ്ങള്‍, പള്ളികള്‍, മത സ്ഥാപനങ്ങള്‍ എന്നിവയില്‍ ഗണ്യമായ അളവില്‍ സ്വര്‍ണ സംഭാവനകള്‍ ലഭിക്കുന്നു. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ 2,000-4,000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടായിരിക്കാമെന്നും 1968 ന് മുമ്പ് ഇത് 1,000 ടണ്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 1,000-3,000 ടണ്‍ സ്വകാര്യ വ്യക്തികള്‍ സംഭാവന ചെയ്തതാകാമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 

ഗുരുവായൂര്‍ ക്ഷേത്രത്തിന് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ആഭരണങ്ങളുടെയും മറ്റ് വസ്തുക്കളുടെയും രൂപത്തിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ പറഞ്ഞു. ‘ഞങ്ങള്‍ക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും വിവിധ വിഭാഗത്തില്‍ പെടുന്നു. ഞങ്ങള്‍ ഇത് എസ്ബിഐ മുംബൈ ബ്രാഞ്ചില്‍ നിക്ഷേപിക്കുന്നു. അവിടെ അത് സ്വര്‍ണ്ണക്കട്ടികളാക്കി മാറ്റുന്നു. കൂടാതെ നിക്ഷേപിച്ച സ്വര്‍ണ്ണത്തിന്റെ മൂല്യത്തിന് ഏകദേശം 2-2.5 ശതമാനം പലിശ ഞങ്ങള്‍ക്ക് ലഭിക്കുന്നു’- അദ്ദേഹം വിശദീകരിച്ചു.

 

പണമാക്കി മാറ്റാതെ, വഴിപാടായി ലഭിക്കുന്ന വെള്ളി മുന്‍പ് സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരുന്നതെന്നും വി കെ വിജയന്‍ പറഞ്ഞു. ‘അടുത്തിടെ ഞങ്ങള്‍ ഏകദേശം 5 ടണ്‍ വെള്ളി എസ്ബിഐ ഹൈദരാബാദ് ശാഖയില്‍ നിക്ഷേപിച്ചു, അവിടെ അത് ബാറുകളാക്കി മാറ്റി. ബാങ്ക് വഴി ലേലം ചെയ്യാന്‍ അധികൃതരുടെ അനുമതിക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ദേവസ്വങ്ങളുടെ കീഴിലല്ലാത്ത പല ചെറിയ ക്ഷേത്രങ്ങള്‍ക്കും താലി (മംഗല്യസൂത്രം), ആള്‍രൂപം എന്നിവയുടെ രൂപത്തില്‍ സ്വര്‍ണ സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് പ്രമുഖ ജ്വല്ലറി ഉടമ അഭിപ്രായപ്പെട്ടു.’നാണയങ്ങള്‍ ഒഴികെ, ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും സംയുക്ത രൂപത്തിലാണ്. അതിന്റെ കൃത്യമായ മൂല്യം നിര്‍ണ്ണയിക്കാന്‍ 24 കാരറ്റിലേക്ക് ഉരുക്കി ശുദ്ധീകരിക്കേണ്ടതുണ്ട്,’- ജ്വല്ലറി ഉടമ കൂട്ടിച്ചേര്‍ത്തു.

 

2009ലെ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വിപുലമായ സമ്പത്ത് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് ക്ഷേത്രസമ്പത്തില്‍ പൊതുജനശ്രദ്ധ വര്‍ദ്ധിച്ചതായി ഐഐഎം-അഹമ്മദാബാദ് ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ (ഐജിപിസി) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തുടര്‍ന്ന് 2015ല്‍ സ്വര്‍ണ്ണ ധനസമ്പാദന പദ്ധതി (ജിഎംഎസ്) ആരംഭിച്ചപ്പോള്‍, ഇന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങള്‍ ഔപചാരിക സ്വര്‍ണ്ണ ശേഖരത്തിലേക്ക് എങ്ങനെ സംഭാവന നല്‍കാമെന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

 

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഒടുവിലത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് (2020-21) അനുസരിച്ച്, ജിഎംഎസിന് കീഴില്‍ 834 കിലോഗ്രാം സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 5.4 കോടി രൂപയാണ് വാര്‍ഷിക പലിശയായി ലഭിക്കുന്നത്. 2023ല്‍ സ്വര്‍ണ്ണ ധനസമ്പാദന പദ്ധതി പ്രകാരം അഞ്ച് വര്‍ഷത്തെ കാലാവധിയില്‍ 535 കിലോഗ്രാം ക്ഷേത്ര സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ കേരള ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി. 2024ല്‍ ബോര്‍ഡ് 467 കിലോഗ്രാം സ്വര്‍ണ്ണമാണ് റിസര്‍വ് ബാങ്കിന് കൈമാറിയത്.

 

ഈ പ്രക്രിയയുടെ ഭാഗമായി, തിരുവാഭരണം കമ്മീഷണറുടെ മേല്‍നോട്ടത്തില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതിന്റെ 18 സ്‌ട്രോങ് മുറികളിലായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണത്തെ കാറ്റഗറി എ (ചരിത്ര നിധികള്‍), കാറ്റഗറി ബി (ദൈനംദിന ആചാര ആസ്തികള്‍), കാറ്റഗറി സി (പലവക സ്വര്‍ണ്ണ ശകലങ്ങള്‍) എന്നിങ്ങനെ മൂന്നായി തരംതിരിച്ച് അമൂല്യ ആസ്തികളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കലും സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *