ഓൺലൈൻ വാതുവെപ്പ് കെണിയിൽ പെട്ട് കുട്ടികളും; കോഴിക്കോട് രണ്ടാഴ്ചയ്ക്കിടെ നാടുവിട്ടത് മൂന്നു പ്ലസ് വൺ വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഓൺലെെൻ വാതുവെപ്പ് കുട്ടികളെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. വാതുവെപ്പിൽ പണംനഷ്ടപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ താമരശ്ശേരിയിൽ നിന്ന് പ്ലസ്വൺ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളാണ് ബെംഗളൂരുവിലേക്ക് നാടുവിട്ടത്. മൂന്ന് സംഭവങ്ങളും താമരശ്ശേരിയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ കൗൺസിലിങ്ങിന് ഹാജരാക്കിയപ്പോഴാണ് സംഭവങ്ങളുടെ ഗൗരവം അധികൃതർ തിരിച്ചറിഞ്ഞത്.

 

ഓൺലൈൻ വാതുവെപ്പിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് പണം നൽകി സഹായിച്ചത് മുതിർന്നവരുടെ ഒരു സംഘമാണ്. ഇവരിൽ നിന്നുള്ള ഭീഷണിയെ തുടർന്നാണ്, നഷ്ടപ്പെട്ട പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കുട്ടികൾ നാടുവിടാൻ നിർബന്ധിതരായത്.

 

രണ്ടാഴ്ച മുമ്പ് താമരശ്ശേരിയിലെ ഒരു ട്യൂഷൻ സെന്ററിൽ ഒരുമിച്ച് പഠിച്ചിരുന്ന രണ്ട് വിദ്യാർത്ഥികൾ ബെംഗളൂരുവിലേക്ക് പോയതായിരുന്നു ആദ്യ സംഭവം. തിരിച്ചെത്തിയ ഇവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ കൗൺസിലിങ്ങിനായി എത്തിച്ചു. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലെ യാത്രയെക്കുറിച്ച് മാത്രമാണ് കുട്ടികൾ പറഞ്ഞതെങ്കിലും, തുടർച്ചയായ കൗൺസിലിംഗിനൊടുവിൽ ഒരു കുട്ടിക്ക് ഓൺലെെൻ വാതുവെപ്പിലൂടെ ഏകദേശം രണ്ടരലക്ഷം രൂപ നഷ്ടപ്പെട്ടതായി കമ്മിറ്റി കണ്ടെത്തി. ഈ കുട്ടിക്ക് പലപ്പോഴായി പണം കൈമാറിയത് 15-ഓളം മുതിർന്നവരാണെന്നും തിരിച്ചറിയാൻ സാധിച്ചു. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുന്ന കൗൺസിലിംഗ് റിപ്പോർട്ട് CWC കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസിന് കൈമാറിയിട്ടുണ്ട്.

ഈ കുട്ടികളെ സ്വന്തം വീടുകളിലേക്ക് തിരിച്ചയച്ചതിന് പിന്നാലെ, കഴിഞ്ഞ ചൊവ്വാഴ്ച താമരശ്ശേരിയിൽ സമാനമായ മറ്റൊരു സംഭവംകൂടി ആവർത്തിച്ചു. ഈ പുതിയ കേസിൽ ഒരു പ്ലസ്വൺ വിദ്യാർത്ഥിക്ക് 25,000 രൂപയാണ് വാതുവെപ്പിൽ നഷ്ടമായത്. നിലവിൽ ഈ കുട്ടിയെ വെള്ളിമാടുകുന്നിലെ സർക്കാർ ചിൽഡ്രൻസ് ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.

 

കുട്ടികൾക്ക് പണം നൽകിയവരുടെ ഭാഗത്തുനിന്ന് ഇവരുടെ ജീവന് ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. കൂടാതെ, ഈ കുട്ടികൾ ഇടയ്ക്കിടെ ബെംഗളൂരുവിലേക്ക് യാത്രകൾ നടത്തിയിട്ടുണ്ട് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കുട്ടികൾ ലഹരിമാഫിയയുടെയോ മറ്റ് ക്രിമിനൽ സംഘങ്ങളുടെയോ സ്വാധീനത്തിൽ പെട്ടുപോയോ എന്ന സംശയവും ഉയർത്തുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *