ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോന്‍താ അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാതീരത്തെ കാക്കിനടയ്ക്ക് സമീപം ഇന്ന് രാത്രിയോടെ തീരം തൊടും. 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുക. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, പ്രകാശം, നെല്ലൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് രാവിലെ മുതല്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കാക്കിനടയ്ക്കും, ഉപ്പഡയ്ക്കുമിടയിലെ എട്ട് കിലോമീറ്റര്‍ ബീച്ച് റോഡ്, കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും തകര്‍ന്നു. തീരമേഖലയില്‍ കര്‍ശനജാഗ്രത തുടരുകയാണ്. ദുരന്ത സാധ്യതയുള്ള മേഖലകളില്‍ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഒഡീഷ തീരത്തും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചുഴലിക്കാറ്റ് സാധ്യതാ മേഖലയിലെ എട്ട് ജില്ലകളില്‍ നിന്നും 11,000-ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും കര്‍ശന ജാഗ്രത തുടരുകയാണ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചിപുരം ജില്ലകളില്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. മോന്‍താ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും, വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ റെയില്‍വേ, വാര്‍ റൂമുകള്‍ സജ്ജമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

