ഹൈദരാബാദ്: മോന്‍താ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്ര പ്രദേശില്‍ ശക്തമായ മഴ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒഡിഷയില്‍ ചുഴലിക്കാറ്റ് കാര്യമായ നാശ നഷ്ടം ഉണ്ടാക്കിയിട്ടില്ല. മോന്‍തായുടെ സ്വാധീന പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണെങ്കിലും അന്ധ്രയിലെ റെഡ് അലര്‍ട്ട് ഐഎംഡി പിന്‍വലിച്ചു. ഒഡിഷയിലെ 15 ജില്ലകളില്‍ ജനജീവിതത്തെ മോന്‍ താ ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
അര്‍ധരാത്രി 12.30 ഓടെയാണ് മോന്‍ താ ചുഴലിക്കാറ്റ് കര തൊട്ടത്. കരതൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് കടന്നുവെന്നാണ് വിവരം. മോന്‍ തായുടെ സ്വാധീനത്തില്‍ ഒഡിഷ, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും ഐഎംഡി മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്‍കരുതലാണ് ഒഡിഷ സര്‍ക്കാര്‍ സ്വീകരിച്ചത്. മുപ്പതിനായിരത്തോളം പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 2,040 ദുരിതാശ്വാസ ക്യാംപുകളും തയ്യാറാക്കിയിരുന്നു. 30 ഒഡിആര്‍എഫ്, 123 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍, 100 സിവിൽ ഡിഫൻസ് യൂണിറ്റുകൾ, അഞ്ച് എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്

