തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം, നിലവിൽ നാളെ മുതൽ രണ്ടാം തീയതി വരെ എല്ലാ ജില്ലയിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് പ്രവചനം.
അതേസമയം വലിയ തോതിൽ ആളപായം ഉണ്ടാക്കാതെ മോൻത കടന്നുപോയത് ആന്ധ്രയ്ക്കും ഒഡിഷയ്ക്കും ആശ്വാസമായി. കോണസീമ ജില്ലയിൽ വീട്ടിന് മുകളിലേക്ക് മരം വീണാണ് ഒരു സ്ത്രീ മരിച്ചത്. പലയിടങ്ങളിലായി ഇരുപതോളം പേർക്ക് പരിക്കേറ്റു. മോൻതയെ ഭയന്ന് മുക്കാൽ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ആന്ധ്ര സർക്കാർ മാറ്റിയിരുന്നു. ഇത് ആഘാതം കുറയ്ക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. അതേസമയം മോൻതയുടെ സ്വാധീനഫലമായി ആന്ധ്രയിലും തെലങ്കാനയിലും ഒഡിഷയിലും ശക്തമായ മഴ തുടരുകയാണ്.

