ബെംഗളൂരു: ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. ദര്‍ശന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കണ്ണാടിയില്‍ സ്‌കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ ഏകദേശം 2 കിലോമീറ്ററോളം പിന്തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കളരി പരിശീലകനാണ് മനോജ് കുമാർ. കഴിഞ്ഞ ഒക്ടോബര്‍ 25-നായിരുന്നു ക്രൂര കൊലപാതകം നടന്നത്.
ഡെലിവറി ബോയിയായ ദർശൻ തന്‍റെ സുഹൃത്തായ വരുണിനൊപ്പം പുട്ടേനഹള്ളിയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. ബൈക്ക് കാറിനെ കടന്ന് മുന്നോട്ട് പോകുന്നതിനിടെ കണ്ണാടിയിൽ തട്ടുകയായിരുന്നു. ഇതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ദർശനും സുഹൃത്തും ബൈക്കുമെടുത്ത് പോയി. ഇതോടെ പ്രകോപിതരായ ദമ്പതിമാർ ഇവരെ പിന്തുടർന്നെത്തി ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഏകദേശം രണ്ട് കിലോമീറ്ററോളം പിന്തുടർന്നാണ് ആക്രമിച്ചത്. അപകടത്തില്‍ വരുണ്‍ രക്ഷപ്പെട്ടെങ്കിലും ദര്‍ശന്‍ മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബൈക്കിന് പിന്നാലെയെത്തിയ കാർ ആദ്യം ഇടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ വാഹനം യൂ-ടേണ്‍ എടുത്ത് വീണ്ടും വന്ന് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രതികൾ വാഹനത്തെ പിന്തുടരുന്നതും, കാറിടിപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിന് ശേഷം ദമ്പതിമാര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട്, മാസ്ക് ധരിച്ച് സ്ഥലത്തെത്തിയ ദമ്പതിമാർ അപകടത്തിൽ തകർന്ന കാറിന്‍റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതും വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലക്കുറ്റം ചുമത്തി പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

