തിരുവനന്തപുരം : എസ്.ഐ.ആർ നടപടികളിലേക്ക് കടന്ന് കേരളം. 2025ലെ വോട്ടർപട്ടികയിലുള്ള 2.78 കോടി പേർക്ക് വിതരണം ചെയ്യാനുള്ള എന്യൂമറേഷൻ ഫോമുകളുടെ അച്ചടി ആരംഭിച്ചതായും നവംബർ നാല് മുതൽ ബി.എൽ.ഒമാർ വീടുകളിലെത്തി വിതരണം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വ്യക്തമാക്കി. ഡിസംബർ നാലുവരെയാണ് ഫോം വിതരണവും തിരികെ വാങ്ങലും. ഈ സമയത്ത് മറ്റ് സൂക്ഷ്മ പരിശോധനകളൊന്നുമുണ്ടാകില്ല. എന്യൂമറേഷൻ ഫോം നൽകിയ എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് ആക്ഷേപങ്ങൾ സ്വീകരിക്കലും തുടർ പരിശോധനയും.
1951 മുതൽ 2004 വരെ എട്ടു തവണയാണ് എസ്.ഐ.ആർ നടന്നിട്ടുള്ളത്.ഒറ്റനോട്ടത്തിൽ
● 2002ലെ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് എസ്.ഐ.ആർ നടപടികൾ.
● 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടവർ: എന്യൂമറേഷൻ ഫോമിൽ ഒപ്പിട്ട് നൽകിയാൽ മാത്രം മതിയാകും. മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ട.
● 2025ലെ പട്ടികയിൽ ഉൾപ്പെട്ടവരും എന്നാൽ 2002ലെ പട്ടികയിൽ ഉൾപ്പെടാത്തവരുമായവർ: ഇവരുടെ മാതാപിതാക്കൾ 2002ലെ പട്ടികയിലുണ്ടെങ്കിൽ മറ്റ് രേഖകൾ സമർപ്പിക്കേണ്ട. ഫോമിൽ ഇക്കാര്യം സൂചിപ്പിക്കണം. മാതാപിതാക്കളുടെ വോട്ടർ വിശദാംശങ്ങൾ നൽകണം.
● വ്യക്തിയോ മാതാപിതാക്കളോ 2002ലെ പട്ടികയിൽ ഇല്ലാത്തവരുടെ കാര്യത്തിലാണ് കമ്മീഷൻ നിഷ്കർഷിച്ച 12 രേഖകളിലൊന്ന് സമർപ്പിക്കേണ്ടി വരിക. വീടുകൾ കയറിയുള്ള വിവര ശേഖരണഘട്ടത്തിൽ രേഖകൾ നൽകേണ്ടതില്ല. പിന്നീട് നോട്ടീസ് ലഭിക്കുന്ന മുറക്ക് നൽകിയാൽ മതിയാകും. പ്രവാസികൾക്ക് ബന്ധുക്കൾ ഒപ്പിട്ടാൽ മതി
● ബാർകോഡും പഴയ ഫോട്ടോയും അച്ചടിച്ച എന്യൂമറേഷൻ ഫോമുകളാണ് ബി.എൽ.ഒമാർ വീടുകളിലെത്തിക്കുന്നത്. ഓരോ അംഗവും ഇത് ഒപ്പിട്ടു നൽകണം. പുതിയ ഫോട്ടോ ചേർക്കാനുള്ള ഭാഗമുണ്ടെങ്കിലും നിർബന്ധമില്ല. പ്രവാസികൾ, പഠനാവശ്യാർഥം മറ്റിടങ്ങളിലുള്ളവർ എന്നിങ്ങനെ നേരിട്ട് ഫോം സമർപ്പിക്കാൻ കഴിയാത്തവർക്കായി അടുത്ത ബന്ധുക്കൾ ഫോം ഒപ്പിട്ടു നൽകിയാൽ മതിയാകും. അടുത്ത ബന്ധു എന്നതിൽ ആരൊക്കെ ഉൾപ്പെടുമെന്നത് സംബന്ധിച്ച് ഉത്തരവുണ്ടാകും.
● നേരത്തെ പ്രവാസികൾ ഫോം ഡൗൺലോഡ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണമെന്നായിരുന്നു നിബന്ധന. അതേസമയം, ബി.എൽ.ഒമാരിൽ നിന്ന് ഫോം വാങ്ങി പൂരിപ്പിക്കുന്നതിന് പകരം സാധ്യമാകുന്നവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫോം ഡൗൺലോഡ് ചെയത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. നവംബർ അഞ്ച് മുതൽ ഇതിനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വരും. എസ്.ഐ.ആർ സമയപ്പട്ടിക
● നവംബർ മൂന്ന് വരെ: അച്ചടി, ബി.എൽ.ഒമാരുടെ പരിശീലനം
● നവംബർ 04 – ഡിസംബർ 04: വീടുതോറും ബി.എൽ.ഒമാരെത്തിയുള്ള ഫോം വിതരണം, വിവശേഖരണം.
● ഡിസംബർ 09: കരടു വോട്ടർപട്ടിക പ്രസിദ്ധീകരണം
● ഡിസംബർ 09- ജനുവരി 08: ആക്ഷേപങ്ങൾ പരാതികൾ
● ഡിസംബർ 09-ജനുവരി 31: ഹിയറിങ്, രേഖകളുടെ പരിശോധന
● ഫെബ്രുവരി 07: അന്തിമ വോട്ടർ പട്ടിക റേഷൻകാർഡില്ല 12 രേഖകളുടെ കൂട്ടത്തിൽ റേഷൻ കാർഡ് തിരിച്ചറിയൽ രേഖയായി ഉൾപ്പെടുത്തണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. റേഷൻകാർഡ് കേന്ദ്രം നിഷ്കർഷിച്ചിട്ടില്ലെന്നാണ് വിശദീകരണം.രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്ത കൈപ്പുസ്തകത്തിൽ തിരിച്ചറിയൽ രേഖകളുടെ കൂട്ടത്തിൽ 13ാമതായി 2003ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി ബിഹാറിൽ തയ്യാറാക്കി എസ്.ഐ.ആർ പട്ടിക ചേർത്തിരുന്നു. ഇതേക്കുറിച്ച ചോദ്യത്തിന് 2003ൽ ബീഹാറിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് കേരളത്തിലെ പട്ടികയിൽ ഇടംപിടിക്കുന്നതിനുള്ള തിരിച്ചറിയൽ രേഖയായി ഇത് പരിഗണിക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ വിശദീകരണം. എന്നാൽ, ഇത് ഒഴിവാക്കണമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയതോടെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചു. ‘ആരെയും ഒഴിവാക്കാനല്ല, യോഗ്യരായവരെയെല്ലാം ഉൾപ്പെടുത്താൻ’’ആരെയും ഒഴിവാക്കാനല്ല, യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്താനാണ് എസ്.ഐ.ആർ കൊണ്ട് ഉദ്ദേശിക്കുന്നത്.
2002ൽ 2.24 കോടി വോട്ടർമാരായിരുന്നു. 2025ൽ 2.78 കോടിയും. 68 ശതമാനം പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 18 വയസ് തികയാത്തതിനെ തുടർന്ന് 2002ലെ പട്ടികയിൽ ഉൾപ്പെടാത്ത കുറച്ചധികം ആളുകളുണ്ട്. 2002ൽ ഇവരുടെ രക്ഷിതാക്കൾ പട്ടികയിലുണ്ടെങ്കിൽ അവർക്കും രേഖകൾ നൽകേണ്ട. ഇവർ കൂടി ചേരുമ്പോൾ രേഖകൾ ഒന്നും സമർപ്പിക്കേണ്ടാത്തവർ 90 ശതമാനം വരും. ശേഷിക്കുന്ന 10 ശതമാനമാണ് രേഖകൾ നൽകേണ്ടി വരിക. 12 രേഖകളിൽ ഒന്നാണ് സമർപ്പിക്കേണ്ടത്. ഈ പത്ത് ശതമാനത്തിൽ ബഹുഭൂരിപക്ഷത്തിന്‍റെ കൈവശവും ഇതിൽ നാല് രേഖകൾ ഉണ്ടായിരിക്കും. രേഖ കിട്ടാൻ പ്രയാസമാണെങ്കിൽ സേവനാവകാശ നിയമം അനുസരിച്ച് ആ രേഖകൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് കമീഷൻ നിഷ്കർഷിക്കും. 1200 വോട്ടർമാർക്ക് ഒരു ബി.എൽ.ഒ എന്ന നിലയിലാകും ക്രമീകരണം. ഇതിന് 6300ഓളം പുതിയ ബി.എൽ.ഒമാരെ നിയമിക്കേണ്ടി വരും. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലയില്ലാത്തവരെയാകും ഇതിനായി നിയോഗിക്കുക.

