മാനന്തവാടി ക്ലബ്ബ്കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം പ്രിയങ്ക ഗാന്ധി വാദ്ര എം. പി ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിതികളാലും അസൗകര്യങ്ങളാലും വീർപ്പുമുട്ടിയിരുന്ന നഗരസഭാ ഓഫീസ് കെട്ടിടത്തിൽ നിന്നുമാറി മാനന്തവാടി ക്ലബ്ബ്കുന്നിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിൽ നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 15,000 ചതുരശ്ര അടി വിസ്തീർണത്തിൽ നാല് കോടി രൂപ ചെലവിലാണ് സമുച്ചയ നിർമ്മാണം പൂർത്തിയാക്കിയത്. നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഇതോടെ ഒരു കുടക്കീഴിലായി.
നഗരസഭ ചെയർപേഴ്സൺ സി.കെ രത്‌നവല്ലി അധ്യക്ഷയായ പരിപാടിയിൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ലേഖ രാജീവൻ, സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, പി.വി.എസ് മൂസ, കെ പാത്തുമ്മ, നഗരസഭ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി എ.ആർ രമ്യ, ഹരിതകർമ സേന അംഗങ്ങൾ, ആശാ വർക്കർമാർ, ട്രൈബൽ പ്രെമോട്ടർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

