മുംബൈ: ആദ്യം തല്ല് വാങ്ങിക്കൂട്ടി. പിന്നെ അതിലും ഉഗ്രമായിട്ട് തിരിച്ചുകൊടുത്തു. ഒരിക്കല്‍ക്കൂടി ഇന്ത്യ-ഓസ്‌ട്രേലിയ തീപാറും പോരാട്ടത്തിന് നവി മുംബൈ വേദിയായപ്പോള്‍ പിറന്നത് ചരിത്രം. സെമിയില്‍ കരുത്തരായ ഓസീസ് വനിതകളെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍! ഏകദിന ലോകകപ്പ് കിരീട മുത്തത്തിലേക്ക് ഇനി ഒരേയൊരു ജയത്തിന്റെ അകലംമാത്രം. ജെമീമ റോഡ്രിഗസ് എന്ന മുംബൈക്കാരി സ്വന്തം കാണികൾക്ക് മുന്നിൽ നടത്തിയ തീപാറും പോരാട്ടമാണ് ഇന്ത്യക്ക് ജയം സാധ്യമാക്കിയത്.
ടോസ് ഭാഗ്യം ഓസ്‌ട്രേലിയക്കായിരുന്നു. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റുചെയ്യുന്നവര്‍ ജയിക്കുന്നതാണ് ഈ ലോകകപ്പിലെ പതിവ്. അതുകൊണ്ട് ബാറ്റിങ് തിരഞ്ഞെടുക്കാന്‍ ഓസീസിന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. 49.5 ഓവറില്‍ 338 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ പക്ഷേ, ഇന്ത്യ അതിലും ശക്തമായി തിരിച്ചടിച്ചു. 48.3 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 341-5 (48.3 ഓവര്‍). അഞ്ചുവിക്കറ്റിന്റെ ജയം.
ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിക്കരുത്താണ് ഇന്ത്യക്ക് തുണയായത്. തകര്‍പ്പനടികളോടെ ജെമീമ ഇന്ത്യയെ മുന്നോട്ടുനയിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ചകൂട്ടായി നിന്നു. 134 പന്തുകളില്‍ 127 റണ്‍സ് നേടിയ ജെമീമ, ക്രീസില്‍ തുടര്‍ന്ന് ടീമിന്റെ വിജയംകൂടി ഉറപ്പാക്കുകയായിരുന്നു. അമൻജോത് കൌർ (15) ആയിരുന്നു വിജയ റണ്‍ കുറിക്കുമ്പോള്‍ ജെമീമയ്‌ക്കൊപ്പം ക്രീസില്‍. ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍നിന്ന് 89 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 167 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തിന്റെ നട്ടെല്ല്. സ്മൃതി മന്ദാന (24), ദീപ്തി ശര്‍മ (24), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (23), ഷെഫാലി വര്‍മ (10) എന്നിവരും ജയത്തില്‍ നിര്‍ണായക ഭാഗമായി
ഫീബി ലിച്ച്ഫീല്‍ഡിന്റെ തകര്‍പ്പന്‍ സെഞ്ചുയുടെയും എല്ലിസ് പെറി, ആഷ്ലി ഗാര്‍ഡ്നര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും ബലത്തില്‍ നേരത്തേ ഓസീസിന് 49.5 ഓവറില്‍ 338 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആര്‍ക്കും ഓസീസ് ബാറ്റിങ്ങിനെ പിടിച്ചുകെട്ടാനായില്ല. ക്രാന്തി ഗൗഡും രാധാ യാദവും ദീപ്തി ശര്‍മയുമെല്ലാം നന്നായി തല്ലുവാങ്ങി.
ക്യാപ്റ്റന്‍ അലിസ്സ ഹീലിയെ (5) തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ലിച്ച്ഫീല്‍ഡ് – എല്ലിസ് പെറി സഖ്യം കത്തിക്കയറി. ലിച്ച്ഫീല്‍ഡ് തന്നെയായിരുന്നു കൂടുതല്‍ അപകടകാരി. 93 പന്തില്‍ നിന്ന് മൂന്ന് സിക്സും 17 ഫോറുമടക്കം 119 റണ്‍സെടുത്ത ലിച്ച്ഫീല്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. 155 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഒടുവില്‍ 28-ാം ഓവറിലാണ് പിരിയുന്നത്.
88 പന്തുകള്‍ നേരിട്ട എല്ലിസ് പെറി രണ്ടു സിക്സും ആറ് ഫോറുമടക്കം 77 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ബെത്ത് മൂണി (24), അന്നബെല്‍ സതെര്‍ലാന്‍ഡ് (3), തഹ്ലിയ മഗ്രാത്ത് (12) എന്നിവരെ കൂടി നഷ്ടമാതോടെ ഓസീസ് സ്‌കോറിങ്ങിന്റെ വേഗം ഇടയ്ക്ക് കുറഞ്ഞു.
എന്നാല്‍ ആഷ്ലി ഗാര്‍ഡ്നര്‍ എത്തിയതോടെ സ്‌കോറിങ് വീണ്ടും വേഗത്തിലായി. 45 പന്തില്‍ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം 63 റണ്‍സെടുത്ത ഗാര്‍ഡ്നര്‍ ഒടുവില്‍ 49-ാം ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി

 
									 
			
 
			 
			