കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി. നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ സംസ്ഥാനം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസ്സോടെ സഹകരിച്ചു നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ ദൗത്യം. നാടിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും ഫലം കൂടിയാണിത്. കേരളം അതിദാരിദ്ര്യമുക്തമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തില്‍ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ഇതിൽ ഭാഗഭാക്കാവുകയും നേതൃത്വം കൊടുക്കുകയും പിന്തുണ നൽകുകയും ചെയ്ത ഏവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തിൽ നമ്മുടെ ഏവരുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. മനുഷ്യന്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലുംകൊണ്ട് ചെറുത്തു തോല്‍പ്പിക്കാവുന്ന ഒരു അവസ്ഥയാണ് അതിദാരിദ്ര്യം എന്നത്. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തു തോല്‍പ്പിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരേ മനസ്സോടെ ലക്ഷ്യം കൈവരിക്കാൻ ഇറങ്ങിയിരുന്നു. നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തും എന്ന നവകേരള നിര്‍മ്മിതിയുടെ സുപ്രധാന ലക്ഷ്യം ഏറെയാന്നും അകലെയല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണ് എന്നത് ലോകം അംഗീകരിച്ച വസ്തുതയാണ്. ഇതൊരു ചെറിയ നേട്ടമല്ല. 167.90 ബില്യണ്‍ ഡോളര്‍ മാത്രം ജി ഡി പിയുള്ള നമ്മുടെ സംസ്ഥാനം 30.51 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഭീമനായ അമേരിക്കയെക്കാള്‍ എങ്ങനെ മുന്നിലെത്തി. അവരുടെ ജി ഡി പിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് ‘യഥാര്‍ത്ഥ കേരള സ്റ്റോറി’.

 

അമേരിക്കയില്‍ ഒരു ലക്ഷം പ്രസവങ്ങളില്‍ 22.3 അമ്മമാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോള്‍, കേരളത്തില്‍ അത് 18 ആണ്. കേരളത്തില്‍ ആയിരം ജനനത്തിന് അഞ്ച് ശിശുമരണമാണ് ഉണ്ടാകുന്നത്. അമേരിക്കയില്‍ അത് 5.6 ആണ്. 96.2 ശതമാനം സാക്ഷരതയുമായി കേരളം ബഹുദൂരം മുന്നില്‍ നില്‍ക്കുമ്പോള്‍ അമേരിക്കയുടെ സാക്ഷരതാ നിരക്ക് 79 ശതമാനം മാത്രമാണ്. ബഹുമുഖ ദാരിദ്ര്യം കേരളത്തില്‍ ഏതാണ്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ (0.55 ശതമാനം) , അമേരിക്കയില്‍ അത് 5.68 ശതമാനമാണ്. കുന്നുകൂടിയ സമ്പത്തല്ല, ജനങ്ങള്‍ക്ക് നല്‍കുന്ന കരുതലും മുന്‍ഗണനയുമാണ് ഒരു നാടിന്റെ യഥാര്‍ത്ഥ അളവുകോലെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഒരു അത്ഭുതമായി തന്നെയാണ് നിലകൊള്ളുന്നത്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് പറയുന്നു. രാജ്യത്ത് 100 ല്‍ 11 പേര്‍ ദരിദ്രരായിരിക്കുമ്പോള്‍, കേരളത്തില്‍ അത് 200 ല്‍ ഒരാള്‍ മാത്രമാണ്. നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് സുസ്ഥിര വികസനത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളമാണ് രാജ്യത്ത് ഒന്നാമത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നത് രാജ്യത്ത് തൊഴിലാളിക്ക് ഏറ്റവും ഉയര്‍ന്ന ദിവസവേതനം ലഭിക്കുന്നത് കേരളത്തില്‍ എന്നാണ്. നിര്‍മ്മാണ മേഖലയില്‍ ദേശീയ ശരാശരി 362 രൂപ മാത്രമുള്ളപ്പോള്‍, കേരളത്തിലത് 829 രൂപയാണ്. അത് തൊഴിലാളിയുടെ അന്തസ്സാണ്, അവന്റെ കുടുംബത്തിന്റെ സുരക്ഷയാണ്.

 

ഇന്ത്യ ടുഡേ പറയുന്നു, ഈ രാജ്യത്ത് ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലാണെന്ന്. വികസനം എന്നത് അംബരചുംബികള്‍ മാത്രമല്ല, മനുഷ്യന്റെ സന്തോഷം കൂടിയാണ്. ഇന്റർനെറ്റ് ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചതും പച്ചക്കറികള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തിയതുമായ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സ്‌കൂള്‍ കൊഴിഞ്ഞുപോക്ക് നിരക്ക് കേരളത്തിലാണ്. ഇന്ത്യാ സ്‌കില്‍സ് റിപ്പോര്‍ട്ട് 2024 പ്രകാരം, തൊഴില്‍ വൈദഗ്ദ്ധ്യമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് സ്‌കോറില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണ്. 0.758 ആണ് നമ്മുടെ സ്‌കോര്‍. രാജ്യത്തിന്റേത് 0.685. അഗോള ശരാശരി 0.754, അതിനേക്കാള്‍ മുകളിലാണ് കേരളത്തിന്റെ സ്ഥാനം.

 

ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്‌സില്‍ (ഭൗതിക ജീവിത നിലവാര സൂചിക) 95.34 സ്‌കോറോടെ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ്. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രമുഖ നഗരങ്ങള്‍ ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളേക്കാള്‍ മുന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, വായുവിന്റെ ഗുണനിലവാരം, പൊതു സൗകര്യങ്ങള്‍, കുറഞ്ഞ കുറ്റകൃത്യനിരക്ക് എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിനു കാരണം. ഇന്ത്യയുടെ ദേശീയ ശരാശരി ഇക്കാര്യത്തിൽ വളരെ പിന്നിലാണ്. പൊതുസുരക്ഷ, ലിംഗസമത്വ മനോഭാവം എന്നീ കാര്യങ്ങളില്‍ കേരളം രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു. യു എന്‍ ഡി പി വിദ്യാഭ്യാസ സൂചികയില്‍ അതായത് ഉയര്‍ന്ന സാക്ഷരതയും സ്‌കൂള്‍ പഠന വര്‍ഷങ്ങളും സംബന്ധിച്ച കേരളത്തിന്റെ സ്‌കോര്‍ 0.77 ആണ്. ഇന്ത്യയുടെ സ്‌കോര്‍ 0.569 ആണ്.

 

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്‌സില്‍ കേരളം വലിയ മുന്നേറ്റം നടത്തി. 2022 ലെ സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാനില്‍ 30 പരിഷ്‌കരണ മേഖലകളില്‍ ഒമ്പതെണ്ണത്തില്‍ കേരളത്തെ ‘ടോപ്പ് അച്ചീവര്‍’ ആയി തിരഞ്ഞെടുത്തു. തൊഴില്‍ സേനയിലെ സ്ത്രീപങ്കാളിത്തം 2021 ലെ 32.3 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 36.4 ശതമാനമായി ഉയര്‍ത്തി. സാമൂഹിക പുരോഗതി സൂചികയില്‍ കേരളത്തിന്റെ സ്‌കോര്‍ 65.2 ആണ്. ഇത് ഇന്ത്യന്‍ ദേശീയ ശരാശരിയായ 58.3 നേക്കാളും വളരെ മുകളിലാണ്, കൂടാതെ ആഗോള ശരാശരിയായ 70.27 നോട് അടുത്തുമാണ്. കേരളം ഉയര്‍ന്ന കൂലിയും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും ഉറപ്പാക്കിയപ്പോള്‍ വ്യവസായങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുമെന്നും കേരളം തകരുമെന്നും പ്രവചിക്കപ്പെട്ടു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ആ ഉയര്‍ന്ന കൂലി ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരവും മാനവ വികസന സൂചികയും ഉയര്‍ത്തി.

 

കേരളത്തിലെ സാമൂഹിക പുരോഗതിയുടെ ആണിക്കല്ല് നവോത്ഥാനകാലത്തെ പിന്‍പറ്റി നാം തുടര്‍ന്നുവന്ന നയസമീപനങ്ങളും കേരളത്തിന്റെ സവിശേഷമായ മതസൗഹാര്‍ദ്ദ പാരമ്പര്യവുമാണ്. അതിലൂടെ നാം ഒരു വലിയ ഐക്യനിരയേയാണ് കെട്ടിപ്പെടുത്തത്. വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയതില്‍ ഈ ഐക്യത്തിനും നിര്‍ണ്ണായക പങ്കുണ്ട്. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള മഹാരഥന്മാരുടെ സാമൂഹിക പരിഷ്‌കരണ സന്ദേശങ്ങള്‍ കേരളത്തിന്റെ നയരൂപീകരണങ്ങളില്‍ ഇന്നും പ്രതിധ്വനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

 

നമ്മുടെ സഹോദരങ്ങളില്‍ ആരും പട്ടിണി കിടക്കുകയോ, കിടപ്പാടമില്ലാതെ അലയുകയോ, ചികിത്സ കിട്ടാതെ മരിക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെ നാം ഏറ്റെടുത്ത ചരിത്ര ദൗത്യമാണ് മഹത്തായ ഈ കേരളപ്പിറവി ദിനത്തില്‍ ഇന്നിവിടെ പൂര്‍ത്തിയാകുന്നത്. ഈ നേട്ടം ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന ഒന്നാണ്. ഇവിടെ യാഥാര്‍ത്ഥ്യമായത് കേവലം ഒരു ക്ഷേമ പദ്ധതിയല്ല, ഇത് ആരുടേയും ഔദാര്യവുമല്ല. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക സമത്വം എന്ന അടിസ്ഥാന മൂല്യത്തിന്റെ പ്രായോഗിക സാക്ഷാത്കാരമാണ്. പാവപ്പെട്ടവന്റെ അവകാശമാണ്.

 

നാല് ലക്ഷത്തോളം ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഓരോ വീട്ടിലും കയറിയിറങ്ങി, ഓരോ ജീവിതവും തൊട്ടറിഞ്ഞ്, തന്റെ അയല്‍വാസി പട്ടിണിയിലാണോ എന്ന് മനസിലാക്കി നടത്തിയ ബൃഹത്തായ ഒരു ജനകീയ പ്രക്രിയയിലൂടെയാണ് ഈ യജ്ഞത്തിന് തുടക്കമായത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി, ഗ്രാമസഭകളുടെ അംഗീകാരത്തോടെ 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. എല്ലാ കുടുംബങ്ങള്‍ക്കും ഒരേ സഹായം നല്‍കുന്ന സാമ്പ്രദായിക രീതിക്ക് പകരം, ഓരോ കുടുംബത്തിന്റെയും കണ്ണീരൊപ്പുന്ന, അവരുടെ സവിശേഷ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് വേണ്ട പരിഹാരങ്ങള്‍ ഉറപ്പാക്കുന്ന ‘മൈക്രോപ്ലാനുകള്‍’ രൂപപ്പെടുത്തി.

 

ഉദാഹരണത്തിന്, അസുഖം ബാധിച്ച് കിടപ്പിലായ, മരുന്ന് വാങ്ങാന്‍ നിവൃത്തിയില്ലാത്ത ഒരമ്മയ്ക്ക് വേണ്ടത് പെന്‍ഷന്‍ തുക മാത്രമല്ല കൃത്യസമയത്ത് മരുന്ന് വീട്ടിലെത്തുന്നു എന്ന ഉറപ്പുമാണ്. അത് നാം പാലിയേറ്റീവ് കെയര്‍ വഴി ഉറപ്പാക്കി. ഒറ്റയ്ക്ക് താമസിക്കുന്ന, പാചകം ചെയ്യാന്‍ ശേഷിയില്ലാത്ത ഒരു വയോധികന് വേണ്ടത് റേഷന്‍ കിറ്റ് അല്ല, പാചകം ചെയ്ത ആഹാരമാണ്. അത് നാം ജനകീയ ഹോട്ടലുകള്‍ വഴി അവരുടെ വീട്ടില്‍ എത്തിച്ചു. ഇങ്ങനെ ഓരോ കുടുംബത്തിനും വേണ്ട കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.

 

2022 ഏപ്രിൽ ഒന്ന് മുതൽ ഈ പട്ടികയിലുള്ള ഒരു കുടുംബം പോലും ഒരു നേരത്തെ ആഹാരത്തിനായി കൈനീട്ടേണ്ടിവരുന്നില്ല എന്ന് ഉറപ്പുവരുത്തി. 20,648 കുടുംബങ്ങള്‍ക്ക് ആഹാരം ഉറപ്പാക്കി. 2,210 കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ഭക്ഷണം വീട്ടില്‍ എത്തിക്കുന്നു. റേഷന്‍ കാര്‍ഡും ആധാറും ബാങ്ക് അക്കൗണ്ടും ഇല്ലാതെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ട, അദൃശ്യരായിപ്പോയ മനുഷ്യര്‍ക്ക് 21,263 അടിയന്തര സേവനങ്ങള്‍ അതിവേഗം ലഭ്യമാക്കി അവരെ സംവിധാനത്തിന്റെ ഭാഗമാക്കി. 85,721 വ്യക്തികള്‍ക്ക് ചികിത്സയും മരുന്നും നല്‍കി. 5,777 പേര്‍ക്ക് പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നു. ‘ഉജ്ജീവനം’ പോലുള്ള പദ്ധതികളിലൂടെ 4,394 കുടുംബങ്ങള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം നല്‍കി.

 

സുരക്ഷിതമായ വീട് ഒരു സ്വപ്നമായിരുന്നവര്‍ക്ക് അത് യാഥാര്‍ത്ഥ്യമാക്കുന്നു. 5,400 ലധികം പുതിയ വീടുകള്‍ പൂര്‍ത്തിയാക്കുകയോ നിര്‍മ്മിക്കുകയോ ചെയ്തു. 5,522 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ‘ആരും പിന്നിലാവരുത്’ എന്നത് ഒരു മുദ്രാവാക്യമായിരുന്നില്ല. അത് ഈ സര്‍ക്കാരിന്റെ നയപരമായ ഉറപ്പാണ്. അതിലുപരി ജനങ്ങളോടുള്ള രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്. ഇന്ന്, ഈ കേരളപ്പിറവി ദിനത്തില്‍, ആ ഉറപ്പ് പാലിച്ചിരിക്കുന്നു എന്നത് അഭിമാനമാണ്.

 

2016 മുതല്‍ സര്‍ക്കാര്‍ ക്ഷമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നടപ്പാക്കിവരുന്ന സമഗ്രമായ ജനകീയ വികസന നയങ്ങളുടെ തുടര്‍ച്ചയും ഫലവുമാണ് ഈ നേട്ടം. 2016 ലെ 600 രൂപയില്‍ നിന്ന് ക്ഷേമ പെന്‍ഷനിപ്പോള്‍ 2,000 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 60 ലക്ഷം പേര്‍ക്കത് ഇന്ന് മുടങ്ങാതെ എത്തിക്കുന്നു. ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം (4,68,436) ഭവനരഹിതര്‍ക്ക് അന്തസ്സുള്ള വീടുകള്‍ നല്‍കി. ഇത് കെട്ടിടം നിര്‍മ്മിച്ച് നല്‍കല്‍ മാത്രമല്ല, ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നല്‍കലാണ്.

 

അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട നമ്മുടെ വിദ്യാലയങ്ങളിലേക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 10 ലക്ഷം കുട്ടികള്‍ അഭിമാനത്തോടെ മടങ്ങിയെത്തി. 2021 ല്‍ വിദ്യാകിരണം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ സാര്‍ത്വകമായ വളര്‍ച്ചയും ഉയര്‍ച്ചയും ഉറപ്പാക്കി. ഇപ്പോഴിതാ ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുകയാണ്. യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി കൊണ്ടുവന്നു. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പ്ലസ് ടു – ഐ.ടി.ഐ – ഡിപ്ലോമ – ഡിഗ്രി പഠനത്തിനുശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി – മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതല്‍ 30 വയസ്സ് വരെയുള്ള യുവതീ-യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കുകയാണ്. 5 ലക്ഷം യുവജനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുക.’ആര്‍ദ്രം മിഷനി’ലൂടെ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ദേശീയ അംഗീകാരങ്ങള്‍ നമ്മുടെ ആരോഗ്യ സ്ഥാപനങ്ങളെ തേടിയെത്തിക്കൊണ്ടിരിക്കുന്നു.

 

സ്ത്രീജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രദ്ധിക്കുന്നു. സ്ത്രീ സുരക്ഷയ്ക്കായി നൂതനമായ ഒരു പദ്ധിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്പത്തികസഹായം ഉറപ്പാക്കുന്ന പദ്ധതിയാണിത്. 35 മുതല്‍ 60 വയസ്സ് വരെയുള്ള, സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപാ വീതം ‘സ്ത്രീ സുരക്ഷ’ പെന്‍ഷന്‍ നല്‍കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

 

ദേശീയ പാതാ വികസനം യാഥാര്‍ത്ഥ്യമാവുകയാണ്. വിഴിഞ്ഞം തുറമുഖം, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, തീരദേശ ഹൈവേ , മലയോര ഹൈവേ, തുടങ്ങിയ പദ്ധതികളെല്ലാം യാഥാർഥ്യമായി. കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കാന്‍ ശ്രമിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുമേഖലയെ സംരക്ഷിക്കുന്ന, രാജ്യത്തിനു മാതൃകയായ ബദല്‍ നയത്തിന്റെ വിജയമാണ് നാം സ്ഥിതീകരിച്ചത്.

 

ഈ നേട്ടങ്ങളിലേക്കുള്ള പാതയിൽ നിരവധി പ്രതിസന്ധികളാണ് നമുക്ക് മുന്നിലുണ്ടായിരുന്നത്.ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെയാണ് ഈ സര്‍ക്കാര്‍ അഭിമുഖീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി പ്രകൃതിക്ഷോഭങ്ങള്‍, മഹാപ്രളയങ്ങള്‍, നിപ്പ, തുടര്‍ന്ന് ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ്-19 മഹാമാരി. പക്ഷേ, കേരളം പതറിയില്ല. നമ്മള്‍ തകര്‍ന്നുപോയില്ല. ഒരുമിച്ച് നിന്നു. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും, മഹാമാരിക്കാലത്ത് ഒരു വീടും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും തയ്യറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കി.

 

നവകേരളത്തിനായി ഒരുമിച്ച് മുന്നോട്ട്

ഇന്ന് നാം ഇവിടെ പ്രഖ്യാപിച്ച അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, കേരളം ലോകത്തിനു മുന്നില്‍വെക്കുന്ന ‘ജനപക്ഷ ബദല്‍ വികസന മാതൃക’യുടെ വിജയമാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് അസമത്വം വര്‍ദ്ധിപ്പിക്കുമ്പോള്‍, സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുന്നുകൂടുമ്പോള്‍, എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിക്കുന്ന, ആര്‍ദ്രതയുള്ള, സമത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ക്ഷേമ മാതൃക സാധ്യമാണെന്ന് കേരളം നെഞ്ചുവിരിച്ച് തല ഉയർത്തി ലോകത്തോട് പറയുകയാണ്.

 

ഇത് കേവലം ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമായി ഞങ്ങള്‍ കാണുന്നില്ല. മറിച്ച്, എല്ലാ പ്രതിസന്ധികളെയും ഐക്യത്തോടെ നേരിട്ട, നവകേരളത്തിനായി നിലകൊണ്ട ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. തന്റെ അയല്‍വീട്ടിലെ അതിദരിദ്ര കുടുംബത്തെ കണ്ടെത്തിയ കുടുംബശ്രീ പ്രവര്‍ത്തകയുടേതാണ് ഈ വിജയം. അവര്‍ക്ക് മരുന്ന് എത്തിച്ച സന്നദ്ധപ്രവര്‍ത്തകന്റേതാണ്, ഈ ജനകീയ യജ്ഞത്തില്‍ പങ്കാളികളായ ഓരോ ഉദ്യോഗസ്ഥന്റെയും, എല്ലാത്തിനുമുപരി ഈ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ഈ വിജയം.

 

നമ്മുടെ ലക്ഷ്യം ഇവിടെ അവസാനിക്കുന്നില്ല. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഒരു അവസാനമല്ല, ഒരു തുടക്കമാണ്. ആകസ്മികമായ പ്രതിസന്ധികളില്‍ അകപ്പെടുന്നവര്‍ക്കുപോലും സുരക്ഷിതത്വം ഉറപ്പാക്കുന്ന, സമ്പൂര്‍ണ്ണമായ ഒരു സാമൂഹികഘടന സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ഈ ജനകീയ ബദല്‍ നയം ഒരു തടസ്സവുമില്ലാതെ തുടരേണ്ടത് ഈ നാടിന്റെ അനിവാര്യതയാണ്. ആ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ കേരളജനതയാകെ ഒപ്പമുണ്ടെന്ന ഉറച്ച വിശ്വാസം സർക്കാരിന് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിനെ വിഭജിക്കുന്ന, പിന്നോട്ടുവലിക്കുന്ന എല്ലാ ശക്തികളെയും ഒറ്റക്കെട്ടായി ചെറുത്ത്, കൂടുതല്‍ ഐശ്വര്യപൂര്‍ണ്ണമായ, സമത്വസുന്ദരമായ ഒരു നവകേരളത്തിനായി ഏവർക്കും ഒരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ കേരള മാതൃകയുടെ സ്റ്റാറ്റസ് റിപ്പോർട്ട് മമ്മൂട്ടിക്കും അതിദാരിദ്ര്യ നിർമ്മാർജ്ജനാന്തര പദ്ധതിയുടെ രൂപരേഖ സംസ്ഥാന പ്ലാനിങ് ബോർഡ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രനും നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

 

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ റിപ്പോർട്ട് അവതരിപ്പിച്ചു. സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയും നടൻ മമ്മുട്ടി വിശിഷ്ടാതിഥിയുമായി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ നന്ദിയും പറഞ്ഞു. സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *