മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം.ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഉച്ചതിരിഞ്ഞ് മൂന്നു മുതൽ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. വിജയകിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാമ്പ്യൻമാരെ ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യമായാണ് ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ നടക്കുന്നത്
പുതുചരിത്രം രചിച്ച് കന്നിക്കിരീടത്തിനായി ഇന്ത്യ മൂന്നാം ഫൈനലിന് ഇറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണ്. ഏഴുതവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയൻ കരുത്തിനെ സെമിയിൽ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാണ് ഹർമൻപ്രീത് കൗറും സംഘവും മുംബൈയിൽ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടപ്പോരിന് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനൽ പ്രവേശം. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ മൂന്ന് വിക്കറ്റ് തോൽവിക്ക് പകരംവീട്ടാൻ കൂടിയുണ്ട് ടീം ഇന്ത്യക്ക്.
ജമീമ റോഡ്രിഗ്സിന്‍റെ ഐതിഹാസിക സെഞ്ച്വറി ടീം ഇന്ത്യക്കും ആരാധകർക്കും നൽകിയത് വാനോളം ആവേശവും പ്രതീക്ഷകളും. ഇതോടെ ടീമും സെറ്റായി. ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും നല്ല തുടക്കം നൽകിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും. മധ്യനിരയ്ക്ക് കരുത്തായി ജമീമയും ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും റിച്ച ഘോഷും. ക്രാന്തി ഗൗഡിന്‍റെയും ശ്രീ ചരണിയുടെയും രേണുക സിംഗിന്റെയും ബൗളിംഗ് മികവും കലാശപ്പോരില്‍ നിർണായകമാകും.
ലോറ വോൾവാർട്ട്, നെയ്ദിൻ ഡി ക്ലാർക്ക്, മരിസാൻ കാപ്പ്, ടസ്മിൻ ബ്രിറ്റ്സ് തുടങ്ങിയവരിലാണ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷ. ബാറ്റർമാരെ തുണയ്കുന്ന വിക്കറ്റിൽ ടോസ് നിർണായകമാകും. രണ്ടാമത് പന്തെറിയുന്ന ടീമിന് മഞ്ഞുവീഴ്ച വെല്ലുവിളി ആവുന്നതിനൊപ്പം മഴ രസംകൊല്ലിയാവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനമുണ്ട്

