ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 23 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഓസീസിന് വേണ്ടി നതാന്‍ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. നേരത്തെ ടിം ഡേവിഡ് (38 പന്തില്‍ 74), മാര്‍കസ് സ്‌റ്റോയിനിസ് (39 പന്തില്‍ 64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിന് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ട് വിക്കറ്റുണ്ട്.

ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. അഭിഷേക് (25) – ഗില്‍ (15) സഖ്യം ഒന്നാം വിക്കറ്റില്‍ 33 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഭിഷേകിനെ പുറത്താക്കി എല്ലിസ് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കാനും എല്ലിസ് സാധിച്ചു. സൂര്യകുമാര്‍ യാദവിനെ (24) മാര്‍കസ് സ്റ്റോയിനിസ് കൂടി മടക്കിയതോടെ മൂന്നിന് 76 എന്ന നിലയിലായി ഇന്ത്യ. പിന്നീട് തിലക് (26 പന്തില്‍ 29) – അക്‌സര്‍ പട്ടേല്‍ സഖ്യം (12 പന്തില്‍ 17) എന്നിവര്‍ 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അക്‌സറിനെ പുറത്താക്കി എല്ലിസ് ഓസീസിന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും മടങ്ങിയെങ്കിലും ജിതേശ് ശര്‍മയെ (13 പന്തില്‍ 22) കൂട്ടുപിടിച്ച് വാഷിംഗ്ടണ്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാഷിംഗ്ടണിന്റെ ഇന്നിംഗ്‌സ്.

