വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നവംബര്‍ നാലിന് ശേഷം വോട്ടര്‍മാരെ തേടി ബിഎല്‍ഒ വീടുകളിലെത്തും. വീട്ടില്‍ ആളില്ലെങ്കില്‍ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമിഷന്റെ നിര്‍ദേശം. എല്ലാവോട്ടര്‍മാരുടെയും ഫോണ്‍ നമ്പര്‍ ബിഎല്‍ഒയുടെ പക്കലുള്ളതിനാല്‍ എത്തുന്നസമയം മുന്‍കൂട്ടി അറിയിക്കും. ബിഎല്‍ഒ നല്‍കുന്ന അപേക്ഷയും എന്യുമറേഷന്‍ഫോറവും പൂരിപ്പിച്ച് ഒപ്പിട്ടുനല്‍കിയാല്‍മതി. ആവശ്യമെങ്കില്‍ രേഖകളും നല്‍കണം. പുതിയഫോട്ടോ ചേര്‍ക്കാനും സൗകര്യമുണ്ട്. 2002-നുശേഷം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 12 രേഖകളിലൊന്ന് ഹാജരാക്കണം. 2002-ലും 2025-ലും വോട്ടര്‍പട്ടികയിലുള്ള എല്ലാവരും എന്യുമറേഷന്‍ ഫോറം ഒപ്പിട്ടുനല്‍കുകയും വേണം. നവംബര്‍ നാല് മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. ഇതിനുള്ള വിലാസം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ നവംബര്‍ നാല് മുതല്‍ ലഭ്യമാകും. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒടിപി വരും. എന്യുമറേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഒപ്പിട്ട് അപ്‌ലോഡ് ചെയ്യണം. അപ്പോള്‍തന്നെ ബിഎല്‍ഒയുടെ മൊബൈല്‍ ആപ്പിലെത്തും. ബിഎല്‍ഒ അപ്രൂവ് ചെയ്താല്‍ ഇആര്‍ഒയ്ക്ക് കിട്ടും. പരാതികള്‍ ബിഎല്‍ഒ, ഇആര്‍ഒ എന്നിവര്‍ക്ക് നല്‍കണം. കളക്ടറാണ് ഒന്നാംഅപ്പീല്‍ അധികാരി. രണ്ടാം അപ്പീല്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറും.
12 രേഖകള്‍ ഏതൊക്കെ..?
1) കേന്ദ്രസര്‍ക്കാരിലെയോ സംസ്ഥാന സര്‍ക്കാരിലെയോ പൊതുമേഖലാ സ്ഥാപനങ്ങളിലെയോ സ്ഥിരം ജീവനക്കാര്‍ക്കോ അല്ലെങ്കില്‍ പെന്‍ഷന്‍കാര്‍ക്കോ അനുവദിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍.
2) 01.07.1987-ന് മുന്‍പ് സര്‍ക്കാരോ പ്രാദേശിക അധികൃതരോ ബാങ്കുകളോ പോസ്റ്റ് ഓഫീസോ എല്‍ഐസിയോ പൊതുമേഖലാ സ്ഥാപനങ്ങളോ അനുവദിച്ചിട്ടുള്ള ഐഡി കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രേഖ.
3) ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ്.
4) പാസ്പോര്‍ട്ട്.
5) അംഗീകൃത ബോര്‍ഡുകള്‍, സര്‍വകലാശാലകള്‍ നല്‍കുന്ന മെട്രിക്കുലേഷന്‍/വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്.
6) ബന്ധപ്പെട്ട സംസ്ഥാന അധികാരികള്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്.
7) വനാവകാശ സര്‍ട്ടിഫിക്കറ്റ്.
8) ഒബിസി/എസ്.സി/എസ്.ടി അല്ലെങ്കില്‍ യോഗ്യതയുള്ള അതോറിറ്റി നല്‍കുന്ന ഏതെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ്.
9) ദേശീയ പൗരത്വ രജിസ്റ്റര്‍ (നിലനില്‍ക്കുന്നിടത്തെല്ലാം).
10) സംസ്ഥാന/തദ്ദേശ അധികാരികള്‍ തയ്യാറാക്കിയ കുടുംബ രജിസ്റ്റര്‍.
11) സര്‍ക്കാരിന്റെ ഭൂമി/വീട് അലോട്ട്മെന്റ് സര്‍ട്ടിഫിക്കറ്റ്.
12) ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നതിന് 09.09.25-ന് പുറത്തിറക്കിയ 23/2025 ഇആര്‍എസ്/വോളിയം രണ്ടിലെ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.
2002-ലെയും 2025-ലെയും വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കില്‍ പേരുചേര്‍ക്കാന്‍ ഫോറം ആറില്‍ അപേക്ഷിക്കണം. ജനിച്ചത് 1987 ജൂലായ് ഏഴിന് മുന്‍പാണെങ്കില്‍ ജനനതീയതിയോ ജനനസ്ഥലമോ തെളിയിക്കുന്ന രേഖകളില്‍ ഒന്നുനല്‍കണം. 1987 ജൂലായ് ഒന്നിനും 2004 ഡിസംബര്‍ രണ്ടിനുമിടയില്‍ ജനിച്ചവര്‍ ജനനത്തീയതിയോ ജനനസ്ഥലമോ തെളിയിക്കുന്ന രേഖകളും മാതാപിതാക്കളില്‍ ഒരാളുടെയും രേഖ നല്‍കണം. 2004 ഡിസംബര്‍ രണ്ടിന് ശേഷം ജനിച്ചവര്‍ സ്വന്തം രേഖയും മാതാപിതാക്കളുടെ രേഖകളും നല്‍കണം. ഇതിനൊക്കെ കമ്മിഷന്‍ അംഗീകരിച്ച 12 രേഖകളില്‍ ഒരെണ്ണം മതിയാകും. രണ്ടിടത്ത് വോട്ടുണ്ടെങ്കില്‍ ഒന്ന് നീക്കം ചെയ്യണം. ഇതിനായി ബിഎല്‍ഒയ്‌ക്കോ ഇആര്‍ഒയ്‌ക്കോ അപേക്ഷനല്‍കണം. മൊബൈല്‍ ആപ്പുമുണ്ടാകും. ജില്ലാതലത്തിലുള്ള കോള്‍ സെന്ററിന്റെ (1950) സഹായം തേടാം. മുന്‍പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പുതിയ താമസസ്ഥലത്തേക്ക് വോട്ട് മാറ്റുന്നതിനും ഇങ്ങനെ അപേക്ഷിക്കണം. വോട്ടര്‍ മണ്ഡലത്തില്‍ത്തന്നെ താമസിക്കുന്നയാളായിരിക്കണം. ബിഎല്‍ഒമാര്‍ക്കും ഇആര്‍ഒമാര്‍ക്കും ഇതില്‍ തീരുമാനമെടുക്കാം. ഇരട്ടവോട്ടുണ്ടെങ്കില്‍ വോട്ടര്‍ക്കുതന്നെ അതിലൊന്ന് നീക്കാന്‍ അപേക്ഷിക്കാം. ബിഎല്‍ഒയ്ക്കും ശുപാര്‍ശ ചെയ്യാം. ഒരിടത്ത് വോട്ടുള്ള ഇതര സംസ്ഥാനക്കാരോ അല്ലാത്തവരോ മറ്റൊരിടത്ത് വോട്ട് ചേര്‍ക്കുന്നത് പേര്, വയസ്, വീട്ടുപേര്, പിതാവിന്റെ പേര് തുടങ്ങിയ വിവരങ്ങളിലൂടെ സിസ്റ്റംതന്നെ കണ്ടെത്തും. എസ്‌ഐആര്‍ സംബന്ധിച്ച ഏതുസംശയവും ഹെല്പ് ഡെസ്‌കില്‍ തീര്‍ക്കാം. ഉടന്‍തന്നെ ഹെല്പ് ഡെസ്‌ക് സജ്ജമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തിനു പുറത്തുനിന്നെത്തിയവര്‍ക്കും സംസ്ഥാനത്തുള്ളവര്‍ക്കും രണ്ട് തരത്തിലാണ് ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. മറുനാട്ടില്‍നിന്നെത്തി താമസമാക്കിയവരുടെ സംശയം തീര്‍ക്കാന്‍ അവരുടെ ഭാഷയില്‍ മറുപടിനല്‍കുന്നത് പരിഗണനയിലാണ്. ഒന്‍പതുമുതല്‍ ഒന്‍പതുവരെ പ്രവര്‍ത്തിക്കും. 24 മണിക്കൂറാക്കുന്നതും കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നതും കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

