ബത്തേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുല്‍ത്താന്‍ ബത്തേരി വെയര്‍ ഹൗസില്‍ നിന്നും ജില്ലയിലെ വിവിധ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. ഇന്നലെ (ഡിസംബര്‍ 1) ബ്ലോക്ക് പഞ്ചായത്തുകളിലെ വിതരണ കേന്ദ്രങ്ങളിലാണ് മെഷീനുകള്‍ എത്തിച്ചത്. ഇന്ന് (ഡിസംബര്‍ 2) നഗരസഭകളിലെ വിതരണ കേന്ദ്രത്തിങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എത്തിക്കും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബൂത്തുകളില്‍ ഉപയോഗിക്കുന്ന മെഷീനുകള്‍ മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ സെന്റ് മേരീസ് കോളേജിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.കെ.എം.ജെ ഹൈസ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിലെ പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് സൂക്ഷിക്കുന്നത്.
കല്‍പ്പറ്റ നഗരസഭയിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും മാനന്തവാടി നഗരസഭയുടേത് മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ അസംപ്ഷന്‍ ഹൈസ്‌കൂളിലും സ്‌ട്രോങ് റൂമുകള്‍ സജ്ജമാക്കി. വോട്ടിങ് മെഷീനുകള്‍ ഡിസംബര്‍ 5,6,7 തിയതികളിലായി കമ്മീഷനിങ് ചെയ്യും.

