ശംഖുമുഖം :സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായ പങ്ക് വഹിക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു രാഷ്ട്രപതി. കടല്‍ വഴികള്‍ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്നും വേദിയിലെത്തിയ രാഷ്ട്രപതിക്ക് എം എച്ച് 60 ആര്‍ ഹെലികോപ്റ്ററുകള്‍ സല്യൂട്ട് നല്‍കി. യുദ്ധക്കപ്പലുകളായ ഐഎന്‍എസ് ഇംഫാലും ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് കമാലും ഐഎന്‍എസ് കൊല്‍ക്കത്തയും ചേര്‍ന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠി, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, സഞ്ജയ് സേഠ്, ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന, തുടങ്ങിയവര്‍ പങ്കെടുത്തു.

