പനാജി: ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തില്‍ വിനോദസഞ്ചാരികള്‍ അടക്കം 25 പേര്‍ മരിച്ചു. വടക്കന്‍ ഗോവയിലെ അര്‍പോറയിലെ പ്രശസ്തമായ നിശാക്ലബ്ബായ ബിര്‍ച്ചില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. ഏകദേശം 50 പേര്‍ക്ക് പരിക്കേറ്റതായും നിലവില്‍ ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ പങ്കുവെച്ച പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. പുക കാരണം ശ്വാസംമുട്ടിയാണ് മരണങ്ങളില്‍ ഭൂരിഭാഗവും ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാല് വിനോദസഞ്ചാരികളുടെയും 14 ജീവനക്കാരുടെയും വിവരങ്ങള്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ബാക്കിയുള്ള ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. അടുക്കള ഭാഗത്തിന് സമീപമുള്ള സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് ആദ്യം സംശയിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഇത് തള്ളിക്കളഞ്ഞു. സിലിണ്ടറുകള്‍ക്ക് കേടുപാടുകളൊന്നുമില്ല എന്ന് ഗോവ ഡിജിപി പറഞ്ഞു. സ്‌ഫോടനം വളരെ ശക്തമായിരുന്നതായും, നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം മുഴുവന്‍ തീജ്വാലകള്‍ വിഴുങ്ങിയതായും, അകത്തുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം പരിക്കേറ്റവരുടെ എണ്ണവും അവസ്ഥയും സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ക്ലബ്ബിന്റെ സുരക്ഷാ നടപടികള്‍, ഗ്യാസ് കണക്ഷന്‍ സംവിധാനങ്ങള്‍, അടിയന്തര എക്‌സിറ്റ് പ്ലാന്‍ എന്നിവയില്‍ എന്തെങ്കിലും ലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
ഒന്നിലധികം ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി, ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട തീവ്ര ശ്രമങ്ങള്‍ക്ക് ശേഷം, തീ നിയന്ത്രണവിധേയമാക്കി. നൈറ്റ്ക്ലബ് ഉടമകളെയും മാനേജ്‌മെന്റിനെയും ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക വിവരം അനുസരിച്ച്, ക്ലബ് അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. അതേസമയം സംഭവത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

