നിലമ്പൂർ: നിലമ്പൂരില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.മമ്പാട് കുറത്തിയാർ പൊയില്‍ സ്വദേശി താവളത്തില്‍ മുഹമ്മദ് ഷാഹുല്‍ (28), പുളിക്കലോടി സ്വദേശികളായ വാഴക്കുണ്ടൻ സുബൈർ ബാബു (37), കരിമ്പില്‍ മുഹമ്മദ് നിയാസ് (23) എന്നിവരെയാണ് നിലമ്പൂർ സിഐ ബി.എസ്. ബിനുവിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് രാത്രി നിലമ്പൂർ കോടതിപടിയിലെ വീടിന് മുന്നില്‍ നിർത്തിയിട്ട കാർ കത്തിച്ച കേസിലാണ് യുവാക്കള്‍ പിടിയിലായത്. വീടിന് സമീപം ബൈക്കില്‍ വന്ന പ്രതികള്‍ നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് പരാതിക്കാരനും സുഹൃത്തും ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടായി. മടങ്ങിപോയ പ്രതികള്‍ പിന്നീട് സമീപത്തെ പെട്രോള്‍പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങി പുലർച്ചെ 1.30 ന് മടങ്ങിവന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന കാർ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
ശബ്ദം കേട്ടുണർന്ന വീട്ടുകാർ പെട്ടെന്ന് തീയണച്ചതിനാല്‍ വൻ നാശനഷ്ടം ഒഴിവായി. തുടർന്ന് വീട്ടുകാരുടെ പരാതിയില്‍ നിലമ്പൂർ ഡിവൈഎസ്പി സാജു. കെ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
തിരുവനന്തപുരത്തും മറ്റുമായി ഒളിവിലായിരുന്നു പ്രതികള്‍. മുഖ്യപ്രതി ഷാഹുലിനെതിരേ മുൻപും അടിപിടി കേസുകളുണ്ട്. എസ്‌ഐ പി.ടി. സൈഫുള്ള, ഉജേഷ്, ഡാൻസാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, കെ. സജീഷ്, കൃഷ്ണദാസ്, സാബിർ അലി, സി.കെ.സജേഷ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

