മലപ്പുറം: വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്ത സംഘത്തെ പൊന്നാനി പൊലീസ് പിടികൂടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കിയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനിഷ്, അഥവാ ഡാനി, ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.
ശിവകാശിയും പൊള്ളാച്ചിയും ആസ്ഥാനങ്ങളാക്കി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 22 സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി വില്‍പ്പന നടത്തുകയായിരുന്നു. മൂച്ചിക്കല്‍ സ്വദേശിയായ ഇര്‍ഷാദ്, തിരൂര്‍ സ്വദേശികള്‍ രാഹുല്‍, നിസാര്‍, തിരുവനന്തപുരം സ്വദേശികളായ ജസീം, ഷെഫീഖ്, രതീഷ്, ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദിന്‍, അരവിന്ദ്, വെങ്കിടേഷ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

സംഘത്തിന്റെ പക്കല്‍ നിന്ന് വ്യാജ മാര്‍ക്ക് ലിസ്റ്റുകളും, സര്‍ട്ടിഫിക്കറ്റ് ഡിസൈന്‍ ചെയ്ത ഡെസ്‌ക്ടോപ്പും ലാപ്പ്ടോപ്പും, അത്യാധുനിക പ്രിന്ററുകളും വ്യാജ സീലുകളും ഹോളോഗ്രാം സ്റ്റിക്കറുകളും പൊലീസ് പിടിച്ചെടുത്തു. നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ശിവകാശിയിലും പൊള്ളാച്ചിയിലുമാണെന്ന് പൊലീസ് അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകളുടെ വില ആവശ്യാനുസരിച്ച് വ്യത്യസ്തമായി നിശ്ചയിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് വര്‍ഷ ബിരുദ സര്‍ട്ടിഫിക്കറ്റ് 50,000 മുതല്‍ 75,000 രൂപ വരെ, ബിരുദാനന്തര ബിരുദം ഏകദേശം ഒരു ലക്ഷം രൂപ, ബി.ടെക് സര്‍ട്ടിഫിക്കറ്റ് 1.5 ലക്ഷം രൂപ വരെയുമായിരുന്നു നിരക്ക്.
കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ഏജന്റുമാര്‍ വഴിയാണ് ഇവ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

