തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർമാർക്കുള്ള പ്രധാന നിർദ്ദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഇത്തവണത്തെ വോട്ടെടുപ്പ് സമയം.

 

സമ്മതിദായകർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

 

◾വോട്ടെടുപ്പ് സമയം, ക്യൂവിലുള്ളവർക്കും അവസരം

 

◾സമയം കൃത്യം: രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 മണിക്ക് അവസാനിക്കും.

 

◾ക്യൂവിൽ നിൽക്കുന്നവർ: വൈകുന്നേരം 6 മണിക്ക് പോളിംഗ് സ്റ്റേഷനിൽ ക്യൂവിൽ പ്രവേശിക്കുന്ന മുഴുവൻ വോട്ടർമാർക്കും വോട്ട് ചെയ്യാൻ അവസരം ലഭിക്കും. പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകുന്നതിന്റെ അടിസ്ഥാനത്തിലാകും ഇത്.

 

തിരിച്ചറിയൽ രേഖകൾ നിർബന്ധം

 

പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ വോട്ടർമാർ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും കരുതണം. രേഖകളും വോട്ടർപട്ടികയിലെ വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കുകയുള്ളൂ.

 

ഒന്നിലധികം വോട്ട് കുറ്റകരം

 

ഒന്നിലധികം വോട്ടർപട്ടികകളിൽ പേരുണ്ടെങ്കിലോ, ഒരു പട്ടികയിൽത്തന്നെ ഒന്നിലധികം തവണ പേരുണ്ടെങ്കിലോ ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നത് കർശനമായ കുറ്റമാണ്. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.

 

വോട്ടിംഗ് മെഷീൻ: നോട്ട (NOTA) ഇല്ല, വിവിപാറ്റ് ഇല്ല

 

തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കുന്നതല്ല. കൂടാതെ, വോട്ടർമാർക്ക് തങ്ങൾ രേഖപ്പെടുത്തിയ വോട്ട് ഉറപ്പാക്കാനുള്ള വിവിപാറ്റ് (VVPAT) മെഷീനും ഇത്തവണ ഉണ്ടാകില്ല.

 

◾വോട്ട് രേഖപ്പെടുത്തുമ്പോൾ ഈ ‘ബീപ്’ ശബ്ദം കേൾക്കണം

 

വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയ പൂർണ്ണമാകുന്നതിന് വോട്ടർമാർ ഒരു കാര്യം ഉറപ്പാക്കണം:

 

കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റുകൾ വോട്ടിംഗിന് സജ്ജമാക്കിയ ശേഷം വോട്ടർ കമ്പാർട്ട്മെന്റിലേക്ക് നീങ്ങുക.ബാലറ്റ് യൂണിറ്റിൽ, സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണിൽ വിരൽ അമർത്തുമ്പോൾ ദീർഘമായ ‘ബീപ്’ ശബ്‌ദം കേൾക്കണം. ഈ ബീപ് ശബ്ദമാണ് വോട്ട് രേഖപ്പെടുത്തൽ പൂർണ്ണമായെന്ന് ഉറപ്പാക്കുന്നതിനുള്ള അടയാളം. ബീപ് ശബ്ദം കേട്ട ശേഷം വോട്ടർക്ക് മടങ്ങാം.

 

പോളിംഗ് സ്റ്റേഷനിൽ കർശന നിയന്ത്രണം

 

പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. വോട്ട് ചെയ്യാൻ യോഗ്യതയുള്ളവർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഏജൻ്റുമാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയവർ എന്നിവർക്ക് മാത്രമേ പ്രവേശനമുള്ളൂ. അന്ധതയോ അവശതയോ ഉള്ള സമ്മതിദായകനോടൊപ്പം ഒരാൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇതിനുള്ള പൂർണ്ണ അധികാരം പ്രിസൈഡിങ് ഓഫീസർമാർക്കാണ്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *