തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹമാണെന്നും കുറ്റക്കാര്‍ക്ക് ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
ഏതെങ്കിലും കാരണത്താല്‍ ഒരാളുടെ പേര് ഒന്നിലധികം വോട്ടര്‍പ്പട്ടികകളിലോ ഒരു പട്ടികയില്‍ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാവൂ. വോട്ട് ചെയ്യാന്‍ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും.
ഇത്തരം കുറ്റക്കാരെ പോലീസിന് കൈമാറി അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

