ന്യൂഡൽഹി: നിരവധി യാത്രക്കാരെ ബാധിച്ച വിമാന യാത്രാ പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോ റീഫണ്ടായി തിരിച്ചുനൽകിയത് വലിയ തുകയെന്ന് റിപ്പോർട്ട്. രണ്ടാഴ്ച കൊണ്ട് ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകിയത് 827 കോടി രൂപയാണെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്’എൻഡിടിവി’ റിപ്പോർട്ട് ചെയ്തു.
നവംബർ 21 മുതൽ ഡിസംബർ ഏഴ് വരെയുള്ള കാലയളവിലെ ടിക്കറ്റ് തുകയാണ് ഇൻഡിഗോ റീഫണ്ട് ചെയ്തത്. 9,55,591 ടിക്കറ്റുകളാണ് ഇക്കാലയളവിൽ റദ്ദാക്കപ്പെട്ടത്. ഇതിൽ ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിൽ മാത്രം റദ്ദാക്കപ്പെട്ടത് 569 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇവയുടെ പണമെല്ലാം ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനൽകിഇവയ്ക്ക് പുറമെ മൊത്തം ബാഗേജുകളുടെ പകുതിയും ഇൻഡിഗോ തിരിച്ചുനൽകി. 9000 ബാഗേജുകളിൽ 4500 ബാഗേജുകളാണ് ഇൻഡിഗോ യാത്രക്കാർക്ക് നൽകിയത്. ബാക്കിയുള്ളവ 36 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് തിരിച്ചുനൽകുമെന്നാണ് ഇൻഡിഗോ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ നടപടികളെല്ലാം നിരീക്ഷിക്കാനായി ഒരു ക്രൈസിസ് മാനേജ്‌മന്റ് ഗ്രൂപ്പിന്ഇൻഡിഗോ രൂപം നൽകിയത്. വിവരങ്ങൾ കൃത്യമായി നൽകുക, സർവീസുകൾ പൂർവസ്ഥിതിയിലാക്കുക, റീഫണ്ടുകൾ, ബാഗേജുകൾ എന്നിവയുടെ വിതരണം നിരീക്ഷിക്കുക എന്നിവയാണ് ഈ സംഘത്തിന്റെ ചുമതലഅതേസമയം, രാജ്യമൊട്ടാകെ നിരവധി യാത്രക്കാരെ വലച്ച ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ കർശന നടപടിക്കൊരുങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയിൽ മറുപടി ആവശ്യപ്പെട്ട് ഇൻഡിഗോയ്ക്ക് ഡിജിസിഎ നോട്ടീസ് നൽകിയിരുന്നു. അന്വേഷണത്തിന് നാലംഗ സമിതിയെയും നിയമിച്ചിരുന്നു.
എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയിൽ മാത്രം റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വ്യവസ്ഥ ഡിജിസിഎ തത്കാലത്തേക്ക് പിൻവലിച്ചിരുന്നു
.

