മുണ്ടക്കൈ ചൂരൽമല ദുരന്ത ഭൂമിയിലെ ബൂത്തിലെത്തി അവര്‍ വോട്ട് ചെയ്ത് മടങ്ങി

ചൂരല്‍മല : വിധി കവർന്നെടുത്ത ഓര്‍മ്മകളുമായാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ തങ്ങളുടെ ജന്മ സ്ഥലങ്ങളിലേക്ക് തിരികെയെത്തുന്നത്. ചൂരല്‍മല നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ സജ്ജമാക്കിയ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മെയ്തു നിറകണ്ണുകളോടെ ഓര്‍ക്കുകയാണ് 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ്. ഞങ്ങളെല്ലാരും അന്ന് ഒരുമിച്ചാര്‍ന്നു, എന്ത് സന്തോഷമായിരുന്നു. ഇന്ന് അവരില്‍ ഒട്ടുമിക്ക ആളും ഇല്ല, എല്ലാരെയും കൊണ്ടുപോയില്ലെ പറഞ്ഞ് അവസാനിപ്പിക്കും മുന്‍പ് മെയ്തുവിന്റെ സ്വരമിടറി കണ്ണുകള്‍ നിറഞ്ഞൊഴുകി.

ജില്ലയിലെ വിവിധ സ്ഥങ്ങളില്‍ താമസിക്കുന്ന ദുരന്ത ബാധിത മേഖലയിലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ ഏട്ട് ബസുകളാണ് സജ്ജീകരിച്ചത്. സമ്മതിദാനവകാശം വിനിയോഗിക്കാനെത്തിയ വോട്ടര്‍മാര്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ് ജമന്തി പൂവ് നല്‍കി സ്വീകരിച്ചു. പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആര്‍.ടി.സി ബസുകളില്‍ 15 ട്രിപ്പുകളിലായി 743 പേരാണ് ചുരല്‍മലയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് പാരിഷ് ഹാള്‍, മദ്രസ ഹാളുകളില്‍ സജ്ജമാക്കിയ ബൂത്തുകളിലെത്തി വോട്ട് ചെയ്ത് മടങ്ങിയത്. രണ്ട് ബൂത്തുകളിലും കൂടി 77.29 ആണ് ആകെ പോളിങ് ശതമാനം.

മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ മുണ്ടക്കൈ-ചൂരൽമലയിൽ രണ്ട് ബൂത്തുകളിലായി ആകെ 2255 വോട്ടര്‍മാരാണുള്ളത്. ഒന്നാം നമ്പര്‍ ബൂത്തായ ചൂരൽമല നൂറുൽ ഇസ്ലാം മദ്രസയിൽ ആകെയുണ്ടായിരുന്ന 1039 വോട്ടര്‍മാരിൽ 803 പേര്‍ വോട്ട് രേഖപ്പെടുത്തി. 77.29 ശതമാനം പോളിങാണ് ബൂത്തിൽ രേഖപ്പെടുത്തിയത്. 538 പുരുഷന്മാരിൽ 417 പേരും 501 സ്ത്രീകളിൽ 386 പേരും വോട്ട് ചെയ്യാനെത്തി. ബൂത്ത് നമ്പര്‍ 2 സെന്റ് സെബാസ്റ്റ്യൻ ചര്‍ച്ച് പാരിഷ് ഹാളിൽ ആകെയുള്ള 1216 വോട്ടര്‍മാരിൽ 940 പേര്‍ വോട്ട് രേഖപ്പെടുത്തി. 77.30 ആണ് വോട്ടിങ് ശതമാനം. 601 പുരുഷ വോട്ടര്‍മാരിൽ 456 പേരും, 615 സ്‍ത്രീ വോട്ടര്‍മാരിൽ 484 പേരും വോട്ട് രേഖപ്പെടുത്തി


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *