കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക്’ സർവീസ് ആരംഭിച്ചു; 24 മണിക്കൂറും ഇലക്ട്രിക് സ്കൂട്ടറുകൾ ലഭ്യമാകും

കോഴിക്കോട്: യാത്രക്കാർക്ക് നഗരത്തിൽ എളുപ്പത്തിൽ സഞ്ചരിക്കുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘റെന്റ് എ ബൈക്ക്’ സർവീസ് ആരംഭിച്ചു. ഉല്ലാസയാത്ര, ബന്ധുവീടുകൾ സന്ദർശനം, ചികിത്സ, ഇന്റർവ്യൂ തുടങ്ങിയ ആവശ്യങ്ങൾക്കായി സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്ന ബുദ്ധിമുട്ടോ, ഓട്ടോ/ടാക്സിക്കാർ അമിതചാർജ് ഈടാക്കുമെന്ന ഭയമോ ഇല്ലാതെ കുറഞ്ഞ ചെലവിൽ ഇരുചക്രവാഹനം വാടകയ്ക്ക് എടുക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ മംഗളൂരുവിനും തിരൂരിനും പിന്നാലെയാണ് കോഴിക്കോട് സ്റ്റേഷനിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ആകർഷകമായ നിരക്കുകൾ

സർവീസിന്റെ ആദ്യ ഘട്ടത്തിൽ 30 ഏതർ (Ather) ഇലക്ട്രിക് സ്കൂട്ടറുകളാണ് ലഭ്യമാകുക. ഇവയിൽ എട്ട് സ്കൂട്ടറുകൾ ഉപയോഗിച്ചാണ് തുടക്കം കുറിച്ചത്.

◾ഒരു മണിക്കൂറിന്: 50 രൂപ

◾ 12 മണിക്കൂറിന്: 500 രൂപ

◾ ഒരു ദിവസത്തേക്ക് (24 മണിക്കൂർ): 750 രൂപ

റെയിൽവേ അനുവദിച്ചിട്ടുള്ള നിരക്കുകൾ മാത്രമേ ഈടാക്കൂ എന്നും അധികൃതർ അറിയിച്ചു. റെന്റ് എ ബൈക്ക് സർവീസ് ബുധനാഴ്ച സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണയിലെ എഫ്.ജെ. ബിസിനസ് ആൻഡ് ഇനവേഷൻസ് (FJ Business and Innovations) ആണ് സർവീസ് നടത്തുന്നത്. നാലാം പ്ലാറ്റ്‌ഫോമിനരികിലാണ് ഓഫീസും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡും ചാർജിംഗ് സ്റ്റേഷനും സജ്ജീകരിച്ചിട്ടുള്ളത്.

 

വാഹനം വാടകയ്ക്ക് എടുക്കാൻ അറിയേണ്ട കാര്യങ്ങൾ:

◾ ആവശ്യമായ രേഖകൾ: ആധാറിന്റെയും കുറഞ്ഞത് രണ്ടുവർഷമെങ്കിലും പഴക്കമുള്ള ഡ്രൈവിങ് ലൈസൻസിന്റെയും ഒറിജിനൽ ഹാജരാക്കണം.

◾ സെക്യൂരിറ്റി: 1000 രൂപ സെക്യൂരിറ്റി തുകയായി നൽകണം. വാഹനം തിരികെ ഏൽപ്പിക്കുമ്പോൾ ഈ തുക മടക്കിനൽകും.

◾ ഇൻഷുറൻസ്: എല്ലാ വാഹനങ്ങൾക്കും ഫുൾ കവർ ഇൻഷുറൻസ് പരിരക്ഷയുണ്ട്. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് തുക ക്ലെയിം ചെയ്ത് ലഭിക്കുന്നതുവരെയുള്ള ദിവസവാടക ഉപയോക്താവ് നൽകേണ്ടിവരും.

◾ നിയമപരമായ ഉത്തരവാദിത്തം: വാഹനം ഉപയോഗിച്ച് നിയമലംഘനങ്ങൾ ഉണ്ടായാൽ വാടകയ്ക്ക് എടുക്കുന്നയാൾ മാത്രമായിരിക്കും ഉത്തരവാദി.

◾ ഹെൽമെറ്റ്: ഒരു ഹെൽമെറ്റ് സൗജന്യമായി നൽകും. രണ്ടാമതൊന്ന് ആവശ്യമെങ്കിൽ 50 രൂപ അധികമായി നൽകണം.

◾ ചാർജിംഗ്: ഫുൾ ചാർജോടെയായിരിക്കും വാഹനം നൽകുക. 130 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ഇത് മതിയാകും. വഴിയിൽ വെച്ച് വീണ്ടും ചാർജ് ചെയ്യേണ്ടിവന്നാൽ അതിന്റെ ചെലവ് ഉപയോക്താവ് വഹിക്കണം. 24 മണിക്കൂർ ദിവസവാടകയ്ക്ക് എടുക്കുന്നവർക്ക് ചാർജർ നൽകുന്നതാണ്.

◾ പാർക്കിംഗ്: നാലാം പ്ലാറ്റ്‌ഫോമിലാണ് ടൂവീലറുകൾ പാർക്ക് ചെയ്യുക.

യാത്രക്കാർക്ക് എത്ര ദിവസത്തേക്കുവേണമെങ്കിലും വാഹനം വാടകയ്ക്ക് എടുക്കാൻ സാധിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *