കൊല്‍ക്കത്ത: ലോകഫുട്ബോളിലെ മിശിഹയെ കണ്‍മുന്നില്‍ കാണാന്‍ ഇതുപോലൊരു അവസരം ഇനി ഇന്ത്യന്‍ ആരാധകര്‍ക്ക് കിട്ടണമെന്നില്ല. കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയ ലയണല്‍ മെസ്സിയെ കാണാനെത്തിയ ജനത്തിരക്ക് ആ ആവേശം വിളിച്ചോതുന്നതായിരുന്നു. കൊല്‍ക്കത്ത നഗരത്തില്‍ ശനിയാഴ്ച പുലരുന്നതിന് മുന്‍പേ തന്നെ സന്തോഷത്തിന്റെ ഒരു തിരമാല ഉയര്‍ന്നു. മിയാമിയില്‍ നിന്ന് ദുബായ് വഴിയാണ് അര്‍ജന്റീനിയന്‍ ഇതിഹാസം കൊല്‍ക്കത്തയിലെത്തിയത്. അര്‍ദ്ധരാത്രിയിലും താരത്തെ ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിന് ആരാധകര്‍ വിമാനത്താവളത്തിന് ചുറ്റും തടിച്ചുകൂടിയിരുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി ലോകഫുട്ബോളില്‍ സമാനതകളില്ലാത്ത വിജയചരിത്രമെഴുതുന്ന അര്‍ജന്റീനാ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും അടുത്ത 72 മണിക്കൂര്‍ ഇന്ത്യയിലുണ്ട്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നാലുനഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
2022 ഫിഫ ലോകകപ്പ് വിജയിച്ച അര്‍ജന്റീനാ ടീമിന്റെ നായകനും എട്ട് ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിന് ഉടമയുമായ മെസ്സിക്കൊപ്പമുള്ള നിമിഷങ്ങള്‍ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകരും ആരാധകരും.മെസ്സി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന യുഎസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ് (യുറഗ്വായ്), റോഡ്രിഗോ ഡി പോള്‍ (അര്‍ജന്റീന) എന്നിവരും കൂടെയുണ്ട്.
കൊല്‍ക്കത്തയില്‍ മെസ്സിയുടെ രണ്ടാം സന്ദര്‍ശനമാണിത്. 2011-ല്‍ വെനസ്വേലയ്ക്കെതിരായ സൗഹൃദമത്സരത്തിനായാണ് ആദ്യമെത്തിയത്. അന്ന് അര്‍ജന്റീന ജയിച്ചു (10). ഇക്കുറി ഔദ്യോഗിക മത്സരമില്ല. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കുന്ന അതിഥികള്‍ ഞായറാഴ്ച മുംബൈയിലും വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം തിങ്കളാഴ്ച ഡല്‍ഹിയിലെത്തും. അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തശേഷം ഉച്ചതിരിഞ്ഞ് ദുബായിലേക്ക് മടങ്ങും.

