കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം – തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് സിനിമ പ്രദർശിപ്പിച്ചതിനെ തുടർന്ന് പ്രതിഷേധമുണ്ടായത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം വിമർശനം ഉന്നയിച്ചത്. പിന്നാലെ മറ്റ് യാത്രക്കാരും പിന്തുണയുമായി എത്തിയതോടെ ബസിലെ ടി വി ഓഫ് ചെയ്തു.
പിന്നാലെ ഭൂരിഭാഗം യാത്രക്കാരും തന്നെ അനുകൂലിച്ചു എന്നും തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നെന്നും ലക്ഷ്മി പറഞ്ഞു. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തെന്നും യാത്രക്കാരി പറഞ്ഞു. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടര മണിക്കൂർ ഈ സിനിമ കണ്ടിരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. ദിലീപ് നായകനായി എത്തിയ പറക്കുംതളികയെന്ന സിനിമയാണ് കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചത്.
എന്നാൽ മറ്റൊരു സംഘം കോടതി വിധി പറഞ്ഞ് എതിർത്തതോടെ വാക്കേറ്റമുണ്ടായി. അതേസമയം വട്ടപ്പാറയിൽ ഇറങ്ങി മറ്റൊരു ബസിൽ കയറി പോകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. എന്നാൽ ലക്ഷ്മി നിലപാടിൽ ഉറച്ച് നിന്നതോടെ ടിവി ഓഫ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

