മസ്‌കത്ത്: ഒമാനില്‍ ഇരുപത്തിമൂന്നര കോടിയോളം രൂപയുടെ സ്വര്‍ണ്ണ കവര്‍ച്ച. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യക്കാരായ രണ്ട് വിനോദസഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു.
മസ്‌കറ്റിലെ അല്‍-ഗുബ്ര മേഖലയിലെ ജ്വല്ലറിയിലാണ് വന്‍ ഉണ്ടായത്. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് പ്രതികള്‍ അകത്ത് കയറിയത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സ്വര്‍ണാഭരണങ്ങളും ജ്വല്ലറിയിലുണ്ടായിരുന്ന പണവും സംഘം മോഷ്ടിച്ചു. പത്തുലക്ഷം ഒമാനി റിയാലിന്റെ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. 23 കോടി 55 ലക്ഷത്തി തൊണ്ണൂറായിരം രൂപയോളമാണ് ഇതിന്റെ മൂല്യം.
ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്തിയ രണ്ട് പ്രതികളും ജ്വല്ലറിക്ക് സമീപത്തെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ജ്വല്ലറിയും പരിസരവും നിരീക്ഷിച്ച്, ഇവിടെവെച്ച് മോഷണം ആസൂത്രണം ചെയ്തുവെന്നാണ് നിഗമനം. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭിത്തി തുരന്ന് അകത്തു കയറാനും ജ്വല്ലറിക്കുള്ളി സേഫ് തുറക്കാനും പ്രതികള്‍ ഉപയോഗിച്ച വസ്തുക്കള്‍ കണ്ടെടുത്തു. മോഷ്ടിച്ച സ്വര്‍ണം, വാടകയ്‌ക്കെടുത്ത ബോട്ടില്‍ മറ്റൊരു സ്ഥലത്തെത്തിച്ചു. സിഫ പ്രദേശത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നതെന്നും ഇത് കണ്ടെടുത്തുവന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

