പൂതാടി വില്ലേജിലെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയതോടെ ഭൂമി സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഇനി പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടൽ വഴി ലഭ്യമാകും. വില്ലേജിന്റെ ഡിജിറ്റൽ സർവ്വെ റെക്കോർഡ് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീക്ക് സർവ്വെ ഡെപ്യൂട്ടി ഡയക്ടർ ആർ ബാബു കൈമാറി. ജില്ലയിൽ ഇതുവരെ 69,373 ഹെക്ടർ വിസ്തീർണ്ണത്തിൽ ഡിജിറ്റൽ സർവ്വെ ഫീൽഡ് ജോലികൾ പൂർത്തിയായിട്ടുണ്ട്. 2,24,499 കൈവശ ഭൂമികൾ അളന്ന് തിട്ടപ്പെടുത്തി.
ഭൂഉടമ ആധാര പ്രകാരമുള്ള സ്ഥലത്തിന്റെ വ്യക്തമായ അതിർത്തി ഡിജിറ്റൽ സർവ്വെ ആരംഭിക്കുന്നതിന് മുമ്പ് രേഖപ്പെടുത്തണം. വ്യക്തമായ അതിർത്തിയില്ലാത്ത ഭൂമി ഡിജിറ്റൽ സർവെയിൽ പ്രത്യേകം ഉൾപെടുത്തുകയില്ല. സർവ്വെ ചെയ്യപ്പെടാത്ത ഭൂമി സംബന്ധമായ വിഷയങ്ങളിൽ ഭാവിയിൽ സങ്കീർണ്ണതകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഭൂമി സംബന്ധിച്ച എല്ലാ രേഖകളും ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കുന്നതോടെ ഭൂരേഖകളുടെ പകർപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും സുരക്ഷിതമായി സംരക്ഷിക്കാനും സാധിക്കും. ഭൂനികുതി രജിസ്ട്രേഷൻ, ഭൂരേഖ പരിപാലനം തുടങ്ങിയ എല്ലാ സേവനങ്ങളും ഡിജിറ്റൽ സർവെ റെക്കോർഡ് പ്രകാരമുള്ള എന്റെ ഭൂമി പോർട്ടൽ വഴിയായിരിക്കും ജനങ്ങൾക്ക് ലഭ്യമാകുന്നത്. സർവ്വെ റെക്കോർഡുകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ എൽ.ആർ.എം സംവിധാനം വഴി അതാത് താലൂക്ക് ഓഫീസുകൾ വഴി പരമാവധി 30 ദിവസത്തിനകം പരിഹരിക്കും.
മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട്, മാനന്തവാടി, പേരിയ, തൃശ്ശിലേരി, വാളാട്, നല്ലൂർനാട് എന്നീ വില്ലേജുകളും, സുൽത്താൻ ബത്തേരി താലൂക്കിലെ അമ്പലവയൽ, തോമാട്ടുചാൽ വില്ലേജുകളുടെ ഡിജിറ്റൽ സർവെയും ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ, തൊണ്ടർനാട്, വില്ലേജുകളം, സുൽത്താൻ ബത്തേരി താലൂക്കിലെ ചീരാൽ, പൂതാടി, പുൽപ്പള്ളി വില്ലേജുകളും വൈത്തിരി താലൂക്കിലെ അച്ഛരാനം, കണിയാമ്പറ്റ വില്ലേജുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാംഘട്ടത്തിൽ മാനന്തവാടി താലൂക്കിലെ ചെറുകാട്ടൂർ, തിരുനെല്ലി, വെള്ളമുണ്ട വില്ലേജുകളുടേയും സുൽത്താൻ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജിന്റേയും വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ, വെങ്ങപ്പള്ളി എന്നീ വില്ലേജുകളുടേയും ഫീൽഡ് ജോലികൾ പുരോഗമിക്കുകയാണ്.
നാലാം ഘട്ടത്തിൽ മാനന്തവാടി താലൂക്കിലെ എടവക, പയ്യംപള്ളി, പൊരുന്നന്നൂർ, വില്ലേജുകളും സുൽത്താൻ ബത്തേരി താലൂക്കിലെ നെന്മേനി, പാടിച്ചിറ വില്ലേജുകളും വൈത്തിരി താലൂക്കിലെ കൽപ്പറ്റ, കോട്ടപ്പടി, കോട്ടത്തറ, പൊഴുതന വില്ലേജുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നെന്മേനി വില്ലേജിലെ ഡിജിറ്റൽ സർവെ ജോലികൾ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് കളക്ടര്‍ പി.പി അർച്ചന, സർവെ അസിസ്റ്റൻ്റ് ഡയറക്ടർ കെ.ബാലകൃഷ്ണൻ, മാനന്തവാടി റീസർവെ സൂപ്രണ്ട് മുഹമ്മദ് ഷരീഫ്,സുൽത്താൻ ബത്തേരി റീസർവ്വെ സൂപ്രണ്ട് ഇസ്സുദ്ദീൻ, ടെക്നിക്കൽ അസിസ്റ്റന്റ് പി.വി ജെന്നി,ഹുസൂർ ശിരസ്‌ദാർ വി.കെ ഷാജി, ഹെഡ് സർവെയർമാർ, ഹെഡ്‍ഡ്രാഫ്‍റ്റ്‍സ്മാൻമാര്‍, സർവെയർമാർ എന്നിവർ പങ്കെടുത്തു.

