ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു.എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. 326 വീടുകളുടെ അടിത്തറയൊരുക്കലും 126 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 305 വീടുകള്‍ക്കായുള്ള പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയായി.

 

303 വീടുകളുടെ അടിത്തറ നിര്‍മ്മാണം, 302 വീടുകളിലെ സ്റ്റമ്പ്, 287 വീടുകളുടെ പ്ലിന്ത്, 243 വീടുകളില്‍ ഷിയര്‍ വാഘ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 122 വീടുകളുടെ സ്ലാബ് പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. ഏഴ് വീടുകളുടെ പ്ലാസ്റ്ററിങ് 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തിയും നിലവില്‍ പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ വിതരണ ലൈന്‍ മാറ്റി സ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകള്‍ ഏല്‍സ്റ്റണില്‍ സ്ഥാപിക്കുകയും ചെയ്തു.

ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. 12.65 മീറ്റര്‍ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1100 മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 9.5 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ് 2.770 കിലോ മീറ്ററാണുണ്ടാവുക. ഇവ ടൗണ്‍ഷിപ്പിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണ്. ഇടറോഡുകളായി കണക്കാക്കുന്ന റോഡിന് 5.8 മീറ്ററാണ് വീതി. 7.553 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഇത്തരം റോഡുകള്‍ നിര്‍മ്മിക്കുന്നത്. താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിര്‍മിച്ചു.

 

ഇടറോഡുകള്‍ക്കായുള്ള സ്ഥലത്ത് 812 മീറ്ററില്‍ മണ്ണിട്ട് നികത്തിയിട്ടുണ്ട്. പ്രാധാന റോഡില്‍ ഇലക്ട്രിക്കല്‍ ഡക്ട് നിര്‍മ്മാണവും സൈഡ് ഡ്രെയിന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുക. ഒന്‍പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിര്‍മിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയ്നേജ് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ 1300-ലധികം തൊഴിലാളികളാണ് ടൗണ്‍ഷിപ്പില്‍ കര്‍മനിരതരാവുന്നത്. തൊഴിലാളികളുടെ എണ്ണം ഇനിയും വര്‍ധിപ്പിച്ച് നിര്‍മാണപ്രവര്‍ത്തികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *