സുൽത്താൻ ബത്തേരി :കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ ഇന്ന് സത്യ വാചകം ചൊല്ലും. രാവിലെ പത്ത് മണിക്കാണ് വയനാട് ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും സത്യപ്രതിജ്ഞ നടക്കുക. 23 ഗ്രാമപഞ്ചായത്തുകൾ, 4 ബ്ലോക്ക് പഞ്ചായത്തുകൾ , മൂന്ന് നഗരസഭകൾ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നലെ പൂർത്തിയായ സാഹചര്യത്തിലാണ് ഇന്ന് എല്ലായിടത്തും സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത്. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുത്തവരുടെ സത്യ പ്രതിജ്ഞ ബത്തേരി WMO സ്കൂളിൽ വെച്ചും നെ നെന്മേനി ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തവരുടെ സത്യ പ്രതിജ്ഞ കോളിയാടി പാരിഷ് ഹാളിലും വെച്ച് നടക്കും.ബന്ധപ്പെട്ട വരണാധികാരി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിലെ ഏറ്റവും മുതിർന്ന അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് ഈ മുതിർന്ന അംഗമാണ് മറ്റുള്ള അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലിക്കൊടുക്കുക. അംഗങ്ങൾക്ക് സത്യപ്രതിജ്ഞ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ ചെയ്യാവുന്നതാണ്. അംഗങ്ങളെല്ലാം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം ആദ്യ ഭരണസമിതി യോഗം ചേരും. ഏറ്റവും ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയ മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിലാണ് ആദ്യ യോഗം നടക്കുക. യോഗത്തിൽ സെക്രട്ടറി അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് വായിക്കും. തുടർന്ന് ആദ്യ ഭരണ സമിതി യോഗം അവസാനിപ്പിക്കും. 27നാണ് മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുക രാവിലെ അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്കുശേഷം ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും.


