എറണാകുളം: മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീനിവാസൻ ഇനി ദീപ്തസ്മരണ. ശവസംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർത്തിയായി. മൂത്തമകൻ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയതോടെയാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയായത്.
ശ്രീനിവാസന് ഏറെ പ്രിയപ്പെട്ട ജൈവകൃഷി നടത്തിയിരുന്ന മണ്ണിൽ തന്നെയാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. നേരത്തെ പത്തുമണിയോടെയാണ് സംസ്കാരം ക്രമീകരിച്ചിരുന്നതെങ്കിലും ജനതിരക്ക് കാരണം 12 മണിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. ശനിയാഴ്ച വൈകിട്ടോടെ എറണാകുളം ടൗൺ ഹാളിലെ പൊതുദർശത്തിന് ശേഷം മൃതദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലും നാടിന്റെ നാനാതുറകളിലുള്ള നിരവധി ആളുകളാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലേക്ക് എത്തിചേർന്നത്.
തമിഴ് നടൻ സൂര്യ, ഭാര്യ ജ്യോതിക എന്നിവർ രാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൃഥിരാജ്, ജഗദീഷ്, ലാൽ, രഞ്ജി പണിക്കർ, കുഞ്ചാക്കോ ബോബൻ, മുകേഷ്, നിവിൻ പോളി തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ശനിയാഴ്ച ടൗൺ ഹാളിലെ പൊതുദർശനത്തിലും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേരാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പ്രമുഖർ ഇന്നലെ ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

ശനിയാഴ്ച രാവിലെ 8.25ഓടെയാണ് മലയാളിയുടെ മഹാനടൻ ശ്രീനിവാസൻ വിടപറഞ്ഞത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി ആശുപത്രിയിലേയ്ക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ മരണം സ്ഥിരീകരിച്ചു. മരണസമയത്ത് ഭാര്യ വിമലയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മലയാളികളെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത തിരക്കഥാകൃത്തിനെയും ഒരു മഹാനടനെയുമാണ് മലയാള സിനിമ ലോകത്തിന് നഷ്ടമായത്. 48 വർഷത്തെ അഭിനയ ജീവിതത്തിൽ 200ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
മട്ടന്നൂർ പഴശിരാജ എൻ എസ് എസ് കോളജിൽ നിന്ന് ബിരുദവും മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര അഭിനയത്തിൽ പരിശീലനവും നേടിയ അദ്ദേഹം 1977ൽ പി എ ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് രംഗത്ത് എത്തിയത്. തുടർന്ന് ബക്കറുടേയും അരവിന്ദന്റെയും കെ ജി ജോർജിന്റേതുമടക്കമുളള നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
നാടോടിക്കാറ്റ്, സന്ദേശം,അഴകിയ രാവണൻ, കഥ പറയുമ്പോൾ എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടി. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. നിത്യഹരിത ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ചലച്ചിത്രകാരൻറെ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്.
നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ സ്വന്തം സിനിമകളിലുടെ സാധാരണക്കാരെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്ത മഹാനടനാണ്. സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മക്കൾ. ഭാര്യ വിമല, മരുമക്കൾ ദിവ്യ, അർപ്പിത.


