തമിഴ്നാട്: ഇൻഷ്വറൻസ് തുകയ്ക്കായി അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന മക്കൾ അറസ്റ്റിൽ. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലാണ് 3 കോടി രൂപയ്ക്കായി മക്കളുടെ കൊടുംക്രൂരത. മരിച്ച ഗണേശന്റെ 2 ആൺമക്കൾ അടക്കം 6 പേർ അറസ്റ്റിലായി. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശനെ വീട്ടിൽ വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത് ഒക്ടോബർ 22നാണ്. മക്കളായ മോഹൻരാജും ഹരിഹരനും ഒപ്പമുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ വൈകിപ്പോയെന്ന് ഡോക്ടർമാർ അറിയിച്ചു. കടിച്ച വിഷപ്പാമ്പിനെ കുറിച്ച് ചോദിച്ചപ്പോൾ തല്ലിക്കൊന്നു എന്നായിരുന്നു മക്കളുടെ മറുപടി.
/
എന്നാൽ പിതാവിന്റെ മരണത്തിനു പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടാൻ അസാധാരണ വേഗത്തിൽ നടപടികൾ ആരംഭിച്ചു. 3 കോടിയോളം രൂപയുടെ ഇൻഷുറൻസാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഉന്നയിച്ച അവകാശവാദങ്ങളിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പൊലീസിനു നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. തുടർന്നായിരുന്നു അറസ്റ്റ്’


