കൊച്ചി: കേരളത്തിലെ ആരോഗ്യ രംഗത്തിന് തന്നെ അഭിമാനമായി മാറിയ മൂന്നു ഡോക്ടര്‍മാരുടെ പ്രവൃത്തിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു റോഡില്‍ കിടന്ന യുവാവിന് അവിടെ വച്ചു തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് കൊല്ലം സ്വദേശികളായ ഈ ഡോക്ടര്‍മാര്‍ ശ്രദ്ധ നേടുന്നത്. ഓപ്പറേഷന് തീയറ്ററില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടി നല്‍കേണ്ട അടിയന്തര ചികിത്സയാണ് ലിനുവിന്റെ ജീവന് രക്ഷിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബി. മനൂപ്, കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ തോമസ് പീറ്ററും ദിദിയ കെ. തോമസുമാണ് ആരോഗ്യ രംഗത്തെ ഹീറോകളായി മാറിയത്.
മൂന്നു ഡോക്ടര്‍മാര്‍ ഒരുമിച്ചതോടെ ആശുപത്രിയിലെത്തിക്കാന്‍ കാത്തുനില്‍ക്കാതെ റോഡില്‍ വെച്ച് തന്നെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാരുടെയും പൊലീസിന്റെയും വലിയ സഹായവും ഡോക്ടര്‍മാര്‍ക്കുണ്ടായി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍, നാട്ടുകാര്‍ എത്തിച്ചു നല്കിയ ബ്ലേഡും പ്ലാസ്റ്റിക് സ്ട്രോയും ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. മൊബൈല്‍ ഫോണ്‍ ടോര്‍ച്ചുകളുടെ വെളിച്ചത്തിലാണ് ഈ സങ്കീര്‍ണ്ണമായ പ്രക്രിയ നടന്നത്. ശ്വാസനാളം തുറക്കാനായി നടത്തിയ ‘സര്‍ജിക്കല്‍ ക്രൈക്കോതൈറോയിഡോട്ടമി’ എന്ന നടപടിയിലൂടെ യുവാവിന്റെ ശ്വാസോച്ഛ്വാസം പുനഃസ്ഥാപിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു
തുടര്‍ന്ന് ആംബുലന്‍സില്‍ ലിനുവിനെ ആശുപത്രിയിലേക്ക് മാറ്റി. ഡോ. മനൂപ് ആംബുലന്‍സില്‍ രോഗിയെ അനുഗമിച്ചു. കൃത്യസമയത്ത് ധീരമായ തീരുമാനമെടുത്ത ഡോക്ടര്‍മാരെയും സഹകരിച്ച നാട്ടുകാരെയും പോലീസിനെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അഭിനന്ദിച്ചു. നിലവില്‍ ലിനു ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവിനെ രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡോക്ടര്‍മാരെ അഭിനന്ദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അഭിനന്ദനം അറിയിച്ചത്.


