കല്‍പ്പറ്റ: വയനാട്ടിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും 10 വര്‍ഷത്തിലധികമായി 33.05 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നു. 2.16 ലക്ഷം അക്കൗണ്ടുകളിലാണ് തുകയുള്ളത്. ഈ പണം തിരികെ നല്‍കാന്‍ ആര്‍ബിഐ സേവന വകുപ്പ്, ഐആര്‍ഡിഎഐ, സെബി, പിഎഫ്ആര്‍ഡിഎ എന്നിവ സംയുക്തമായി ജില്ലാതല ക്യാമ്പ് നടത്തുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ടി.എം. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പേരില്‍ 29ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കല്‍പ്പറ്റ ഹോളിഡേയ്‌സ് ഹാളിലാണ് ക്യാമ്പ്.
പത്തു വര്‍ഷത്തിലധികമായി ഇടപാടുകള്‍ ഇല്ലാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്തതായി കണക്കാക്കുന്നത്. അവകാശികള്‍ ഇല്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകള്‍ പ്രകാരമുള്ള വിലാസത്തില്‍ അന്വേഷണം നടത്തി അറിയിപ്പ് നല്‍കാറുണ്ട്. എന്നിട്ടും പ്രതികരണം ഇല്ലാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനാണ് ക്യാമ്പ് നടത്തുന്നത്. പൊതുജനങ്ങളെ ബോധവത്കരിക്കുകയും പണം അവകാശികളില്‍ എത്തിക്കുകയുമാണ് ക്യാമ്പ് ലക്ഷ്യം. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നിക്ഷേപ വിവരം അറിയാനും അവകാശികള്‍ക്ക് പണം ലഭിക്കുവാനും സൗകര്യം ഉണ്ടാകും.
ഇന്‍ഷ്വറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ട് സ്ഥാപനങ്ങളുടെ സഹായ കൗണ്ടറുകളും ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. അവകാശവാദം ഉന്നയിക്കാത്ത നിക്ഷേപങ്ങളെക്കുറിച്ച് അറിയാന്‍ അതത് ബാങ്കിന്റെ വെബ്‌സൈറ്റോ 30 ബാങ്കുകള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ബിഐയുടെ ഉദ്ഗാം വെബ്‌സൈറ്റോ(https://udgam.rbi.org.in)പരിശോധിക്കാം.


