സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്താൻ ചരിത്രപ്രധാനമായ നീക്കവുമായി കേരള സർക്കാർ. സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച ‘നേറ്റിവിറ്റി കാർഡ്’ നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ഒരാള്‍ ഈ നാട്ടില്‍ ജനിച്ചു വളർന്നയാളാണെന്നോ അല്ലെങ്കില്‍ ഇവിടെ സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തനാക്കുന്ന ആധികാരിക രേഖയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
പ്രധാന പ്രത്യേകതകള്‍
◾ഒറ്റത്തവണ അപേക്ഷ: നിലവില്‍ ഓരോ ആവശ്യത്തിനും വെവ്വേറെ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ട സ്ഥിതിയാണ്. പുതിയ കാർഡ് വരുന്നതോടെ ഇത് ഒഴിവാകും.
◾നിയമസാധുത: സാധാരണ സർട്ടിഫിക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, നിയമപരമായ പിൻബലമുള്ള ആധികാരിക രേഖയായിട്ടായിരിക്കും നേറ്റിവിറ്റി കാർഡ് നല്‍കുക.
◾ഫോട്ടോ പതിപ്പിച്ച രേഖ: ആള്‍മാറാട്ടം തടയാനും തിരിച്ചറിയല്‍ എളുപ്പമാക്കാനും കാർഡില്‍ അപേക്ഷകന്റെ ഫോട്ടോ ഉണ്ടായിരിക്കും.
◾സർക്കാർ സേവനങ്ങള്‍ക്ക് ഉപയോഗിക്കാം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായി ഈ കാർഡ് ഉപയോഗിക്കാം.
◾“ഒരാളും സ്വന്തം നാട്ടില്‍ പുറന്തള്ളപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. താൻ ഈ നാട്ടുകാരനാണെന്ന് തെളിയിക്കാൻ ജനങ്ങള്‍ പ്രയാസമനുഭവിക്കുന്നത് ആശങ്കാജനകമാണ്. ഇതിന് പരിഹാരമായാണ് ആജീവനാന്തം ഉപയോഗിക്കാവുന്ന നേറ്റിവിറ്റി കാർഡ് ആവിഷ്കരിക്കുന്നത്.” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
നടപ്പിലാക്കുന്നത് എങ്ങനെ?
◾നേറ്റിവിറ്റി കാർഡ് വിതരണം ചെയ്യുന്നതിനുള്ള ചുമതല തഹസില്‍ദാർമാർക്കായിരിക്കും. കാർഡിന് നിയമസാധുത നല്‍കുന്നതിനാവശ്യമായ നിയമനിർമ്മാണത്തിനായി കരട് തയ്യാറാക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമ വകുപ്പുമായി കൂടിയാലോചിച്ച് ഇതിന്റെ അന്തിമരൂപം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കും.
◾ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനകളും പരാതികളും പരിഗണിച്ചാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ വിദ്യാർത്ഥികള്‍ക്കും ഉദ്യോഗാർത്ഥികള്‍ക്കും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ തങ്ങളുടെ ജനന-വാസ രേഖകള്‍ ഹാജരാക്കാൻ സാധിക്കും.


