തെലങ്കാന : ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥയെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ യുവാവ് രാസവസ്തു ഉള്ളിൽച്ചെന്ന് മരിച്ചു. തെലങ്കാനയിലെ മിരിയാലഗുഡയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ചിന്ന അനുമൂല ഗ്രാമവാസിയായ സത്യപ്രസാദ്, രാമലിംഗമ്മ ദമ്പതികളുടെ മകൻ ഗണേഷ് ആണ് മരിച്ചത് 21 വയസ്സായിരുന്നു പ്രായം.
2 ദിവസമായി തുടരുന്ന കഠിനമായ പനിയെ തുടർന്നാണ് ഗണേഷിനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർ പരിശോധിച്ച ശേഷം ഉടൻ കഴിക്കാനായി ഗുളികകൾ നൽകി. മകന് മരുന്ന് നൽകാൻ വെള്ളം അന്വേഷിച്ച അമ്മ രാമലിംഗമ്മ ആശുപത്രിയിലെ വാട്ടർ ഡിസ്പെൻസറിൽ എത്തിയെങ്കിലും അതിൽ വെള്ളം ഉണ്ടായിരുന്നില്ല. തുടർന്ന് അടുത്തുള്ള ലാബിന് പുറത്ത് ഒരു പാത്രത്തിൽ ഇരുന്ന ദ്രാവകം വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് കുപ്പിയിൽ പകർത്തി മകന് നൽകുക ആയിരുന്നു.
എന്നാൽ ലബോറട്ടറി ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന (ഫോര്‍മാല്‍ഡിഹെെഡ്) എന്ന രാസവസ്തു ആയിരുന്നു അത്. വെള്ളമാണെന്ന് കരുതി കുറച്ച് കുടിച്ചതോടെ ഗണേഷ് അസ്വസ്ഥത പ്രകടിപ്പിക്കുകയും നിമിഷങ്ങൾക്കകം കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാന്‍ ആയില്ല.
ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടിവെള്ളം ഉറപ്പാക്കാത്തതും, അതീവ അപകടകാരിയായ രാസവസ്തുക്കൾ ലേബലുകൾ പോലുമില്ലാതെ അശ്രദ്ധമായി ലാബിന് പുറത്ത് വെച്ചതും ക്രിമിനൽ കുറ്റമാണെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ബന്ധുക്കളുടെ പരാതി പ്രകാരം മിരിയാലഗുഡ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


