കൊച്ചി: നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ആശുപത്രിയിൽ നിന്ന് ഡോക്‌ടർ എത്തി മരണം സ്ഥിരീകരിച്ചു. നടൻ കൊച്ചിയിലെ വീട്ടിൽ എത്തിയിട്ടുണ്ട്. മരണവിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും എളമക്കരയിലെ വീട്ടിലേക്ക് എത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്‌നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിൻ്റെ അമ്മ. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ മറ്റൊരു മകനാണ്. സംസ്‌കാര ചടങ്ങുകൾ തിരുവനന്തപുരത്തായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.സ്ട്രോക്ക് വന്നതോടെയാണ് ശാന്തകുമാരി മോഹൻലാലിനൊപ്പം കൊച്ചിയിലേക്ക് താമസം മാറുന്നത്. ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ ഇപ്പോൾ നടന്റെ വീട്ടിൽ എത്തിയിട്ടുണ്ട്. മൃതദേഹം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും എന്ന് ഹൈബി ഈഡൻ മാധ്യമങ്ങളോട് പറഞ്ഞു.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടി കേരളത്തിൽ എത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് അമ്മയെയായിരുന്നു. ശാന്തകുമാരിയുടെ കഴിഞ്ഞ പിറന്നാൾ താരം ആഘോഷമാക്കിയിരുന്നു. ആൻ്റണി പെരുമ്പാവൂർ, മേജർ രവി തുടങ്ങിയ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു ആഘോഷം നടന്നത്. ലളിതമായ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.


