തിരുവനന്തപുരം : പുതുവർഷത്തലേന്ന് കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേർ പിടിയിൽ. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്തെത്തിയ സംഘമാണ് പിടിയിലായത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാർഥി ഹലീന (27), കൊല്ലം ആയൂർ സ്വദേശിയും ഐടി ജീവനക്കാരനുമായ അവിനാഷ് (29), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29), നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), തൊളിക്കോട് സ്വദേശി അജിത്ത് (30) എന്നിവരാണ് പിടിയിലായത്. കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്
പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘം ലഹരിമരുന്നു വിതരണം ചെയ്യുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപ് നിരവധി ലഹരി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പിൽ കാറിടിച്ചശേഷം കടന്നു കളയുകയായിരുന്നു. പിന്നാലെ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം വെളുപ്പിന് വീടുവളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. നാലു ഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളു പിടിച്ചെടുത്തു.


